പമ്പുടമകളുടെ കമ്മിഷൻ കൂട്ടി എണ്ണക്കമ്പനികൾ; കേരളത്തിലും പെട്രോൾ, ഡീസൽ വിലയിൽ മാറ്റം, കൊച്ചിയിൽ കുറഞ്ഞു

Advertisement

പെട്രോൾ പമ്പുടമകൾക്ക് നൽകുന്ന ഡീലർ കമ്മിഷൻ വർധിപ്പിച്ചും രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്ക് ഇന്ധനമെത്തിക്കാനുള്ള സംസ്ഥാനാന്തര ചരക്കുനീക്ക ഫീസ് വെട്ടിക്കുറച്ചും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ. പെട്രോളിന് ലിറ്ററിന് 65 പൈസയും ഡീസലിന് 44 പൈസയുമാണ് ഡീലർ കമ്മിഷൻ കൂട്ടിയതെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കി. രാജ്യത്തെ 83,000ഓളം വരുന്ന പെട്രോൾ പമ്പുടമകൾക്കും 10 ലക്ഷത്തോളം ജീവനക്കാർക്കും ഇതു നേട്ടമാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി എക്സിൽ പറഞ്ഞു.

ഡീലർ കമ്മിഷൻ വർധിപ്പിച്ചതോടെ പെട്രോൾ പമ്പുകളിലെ സേവനം കൂടുതൽ മെച്ചപ്പെടുമെന്നാണ് എണ്ണക്കമ്പനികളും ഹർദീപ് സിങ് പുരിയും ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ ഓരോ ദിവസവും ശരാശരി 7 കോടി ഉപഭോക്താക്കൾ‌ പെട്രോൾ പമ്പിലെത്തുന്നുണ്ടെന്നാണ് കണക്ക്. നിലവിൽ പെട്രോളിന് കിലോലിറ്ററിന് 1,868.14 രൂപയും ഒപ്പം ബില്ലിങ് വിലയിൽ (produce billable price) 0.875 ശതമാനവുമാണ് ഡീലർ കമ്മിഷൻ. ഡീസലിന് ഇത് യഥാക്രമം 1,389.35 രൂപയും 0.28 ശതമാനവുമാണ്. ഇതിന്മേലാണ് പെട്രോളിന് 65 പൈസയും ഡീസലിന് 44 പൈസയും കൂടുന്നത്.

അതേസമയം, ശരിയായ കണക്കുകൂട്ടലില്ലാതെയാണ് ഡീലർ കമ്മിഷൻ വർധിപ്പിച്ചതെന്നും ഇതിൽ അതൃപ്തിയുണ്ടെന്നും ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സിന്റെ ദേശീയ വൈസ് പ്രസിഡന്റ് ശബരിനാഥ് ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു. വർഷങ്ങൾക്ക് ശേഷമാണ് കമ്മിഷൻ കൂട്ടിയത്. എന്നാൽ‌, ഡീലർമാർ നേരിടുന്ന അധികബാധ്യത പരിഗണിച്ചിട്ടില്ല. ഇന്ധന ബാഷ്പീകരണം മൂലം സാമ്പത്തികബാധ്യത ഡീലർമാർ നേരിടുന്നുണ്ട്. ജീവനക്കാരുടെ വേതന വർധനയും ഇക്കാലയളവിലുണ്ടായി. ഇക്കാര്യങ്ങളൊന്നും കമ്പനികൾ പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.

പെട്രോളിന്റെയും ഡീസലിന്റെയും വിപണിവിലയിൽ (റീറ്റെയ്ൽ സെല്ലിങ് പ്രൈസ്) പ്രതിഫലിക്കാത്ത വിധമാണ് ഡീലർ കമ്മിഷൻ വർധിപ്പിച്ചതെന്ന് ഹർദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ചരക്കുനീക്ക ഫീസിലുണ്ടായ പരിഷ്കാരം ഇന്ന് കേരളത്തിലെ വിലയിലും പ്രതിഫലിച്ചു. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 107.56 രൂപയായിരുന്നത് 107.48 രൂപയായി കുറഞ്ഞു. അതേസമയം, ഡീസൽ വില 96.43 രൂപയിൽ നിന്ന് 96.48 രൂപയായി ഉയർന്നു.

കൊച്ചിയിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 105.57 രൂപയിൽ നിന്ന് 105.49 രൂപയിലേക്കും ഡീസലിന് 94.50 രൂപയിൽ നിന്ന് 94.43 രൂപയിലേക്കുമാണ് വില കുറഞ്ഞതെന്ന് ഇന്ത്യൻ‌ ഓയിലിന്റെ കണക്കുകൾ വ്യക്തമാക്കി. ലിറ്ററിന് ശരാശരി 7-8 പൈസയുടെ വ്യത്യാസമാണ് സംസ്ഥാനത്ത് മിക്കയിടങ്ങളിലും പെട്രോളിനുണ്ടായത്; ഡീസലിന് 5-7 പൈസയും. ഇതിനുമുമ്പ് ഈ വർഷം മാർച്ചിലായിരുന്നു രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായത്. അന്ന് കേന്ദ്രം ലിറ്ററിന് രണ്ടുരൂപ വീതം കുറയ്ക്കുകയായിരുന്നു.

ഒഡീഷയിൽ കുറഞ്ഞത് 4.69 രൂപവരെ

രാജ്യത്തെ ഉൾപ്രദേശങ്ങളിലേക്കുള്ള ചരക്കുനീക്ക ഫീസ് കുറച്ചത് കൂടുതൽ നേട്ടമാകുന്നത് ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, മിസോറം, മറ്റ് വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവയ്ക്കാണ്. ഒഡീഷയിൽ പെട്രോളിന് 4.69 രൂപവരെയും ഡീസലിന് 4.45 രൂപവരെയും കുറഞ്ഞു. ഛത്തീസ്ഗഡിൽ 2.70 രൂപവരെയാണ് ഇന്ധനവില കുറഞ്ഞത്. അരുണാചലിൽ 3.96 രൂപവരെയും ഹിമാചലിൽ 3.59 രൂപവരെയും ഉത്തരാഖണ്ഡിൽ 3.83 രൂപവരെയും മിസോറമിൽ 2.73 രൂപവരെയും കുറഞ്ഞു.

Advertisement