കൊച്ചി. അരനൂറ്റാണ്ടായി യാക്കോബായ സഭയുടെ ചരിത്രവും ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ ജീവചരിത്രവും ഒന്നായിമാത്രമേ എഴുതിവയ്ക്കാനാവൂ. ത്യാഗോജ്വലവും സംഭവബഹുലവുമായ അദ്ദേഹത്തിന്റെ ജീവിതം സഭാചരിത്രത്തിന്റെ തന്നെ ഭാഗമാണ്.
നാഥനായും പോരാളിയായും ഇരട്ടവേഷങ്ങൾ തീവ്രമായി പകർന്നാടാൻ വിധിക്കപ്പെട്ട ജീവിതമായിരുന്നു യാക്കോബായ സഭയുടെ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടേത്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ദേവാലയങ്ങളും കൈവിട്ടു പോകുന്നതു കാണേണ്ടി വന്നയാൾ. മലങ്കര യാക്കോബായ സുറിയാനി സഭയുടെ ഈ നൂറ്റാണ്ടിലെ വളർച്ചയുടെ പിന്നിലെ ദൈവനിയോഗമായിട്ടാണ് വിശ്വാസികൾ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയെ കണ്ടിരുന്നത്.
ആത്മീയവഴിയിലൂടെ, സമചിത്തതയോടെ സഭയെ നയിച്ച ഇടയശ്രേഷ്ഠനായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. വ്യവഹാരങ്ങളിൽ തളർന്നുപോകാതെ, കെട്ടുറപ്പുള്ള ദൈവജന സമൂഹമായി സഭയെ നിലനിർത്താൻ ബാവയ്ക്കായി. 1929 ജൂലൈ 22-ന് പുത്തൻകുരിശ് വടയമ്പാട് ചെറുവിള്ളിൽ മത്തായിയുടേയും കുഞ്ഞമ്മയുടേയും മകനായി ജനിച്ച കുഞ്ഞൂഞ്ഞ് ഒരുപാട് കഷ്ടതകൾ നേരിട്ട ബാല്യത്തിലൂടേയും കൗമാരത്തിലൂടെയും സഞ്ചരിച്ചാണ് യാക്കോബായ സഭയുടെ അമരക്കാരനായത്. 1958ൽ മഞ്ഞനിക്കര ദയറായിൽ ഏലിയാസ് മാർ യൂലിയോസിൽ നിന്നു വൈദികപട്ടം സ്വീകരിച്ച ഫാ. തോമസിനെ 1973 ഡിസംബർ 8ന് ആണ് അങ്കമാലി ഭദ്രാസന പള്ളി പ്രതിപുരുഷ യോഗം മെത്രാൻസ്ഥാനത്തേക്കു തിരഞ്ഞെടുത്തത്. 74 ഫെബ്രുവരി 24നു ഡമാസ്‌കസിൽ മെത്രാപ്പൊലീത്തയായി വാഴിച്ചു. 2000 ഡിസംബർ 27നു നിയുക്ത കാതോലിക്കയായി. 2002ൽ മെത്രാപ്പൊലീത്തൻ ട്രസ്റ്റി. 17 വർഷത്തിനു ശേഷം സ്ഥാനമൊഴിഞ്ഞു. 2002 ജൂലൈ 26നു പരിശുദ്ധ ഇഗ്‌നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവായായി വാഴിച്ചു.
1974 ഫെബ്രുവരി 24ന് അങ്കമാലി മെത്രാപ്പൊലീത്തയായി വാഴിക്കപ്പെടുമ്പോൾ 3 മെത്രാൻമാരും ഏതാനും വൈദികരും മാത്രമുണ്ടായിരുന്ന സഭയെ 7 ലക്ഷം വിശ്വാസികളുടെ കൂട്ടമായി വളർത്തിയത് തോമസ് പ്രഥമൻ ബാവയായിരുന്നു. 20 ഭദ്രാസനങ്ങളും 30 മെത്രാപ്പൊലീത്തമാരും ആയിരത്തോളം വൈദികരും ഇന്ന് ഈ സഭയിലുണ്ട്. സഭാ സംബന്ധിയായ നിരവധി കേസ്സുകളിൽ പ്രതിസ്ഥാനത്ത് പേര് രേഖപ്പെടുത്തിയപ്പോഴും മനോബലം കൈവിടാതെ വിശ്വാസി സമൂഹത്തെ ചേർത്തു നിർത്തിയ ബാവ ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടെങ്കിലും ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ വിട വാങ്ങലോടെ യാക്കോബായ സഭാ ചരിത്രത്തിലെ ഒരു അധ്യായമാണ് അവസാനിക്കുന്നത്.