നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മൂന്ന് പ്രതികൾക്ക് ജാമ്യം

Advertisement

. കാസര്‍ഗോഡ്. നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവർക്കാണ് ഹോസ്ദുർഗ് സി ജെ എം കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തിൽ എ ഡി എമ്മിന്റെ അന്വേഷണ റിപ്പോർട്ട് നാളെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും….

ഉപാധികളോടെയാണ് ഹോസ്ദുർഗ് സി ജെ എം കോടതി മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്. പ്രതികളായ ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവരുടെ പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ എല്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതികൾ നിലവിൽ ഉള്ളതോ,സമാനമായതോ ആയ ചുമതലകൾ ഏറ്റെടുക്കരുതെന്നും, ആഴ്ചയിൽ രണ്ട് ദിവസം നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രതികൾ അശ്രദ്ധമായി വെടിമരുന്ന് കൈകാര്യം ചെയ്തെന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്. ആളുകൾക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തരുതെന്ന് തെയ്യം കാണാൻ എത്തിയവർ പ്രതികളോട് ആവശ്യപ്പെട്ടിട്ടും ഇവർ അത് ചെവിക്കൊണ്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ എ ഡി എമ്മിന്റെ അന്വേഷണ റിപ്പോർട്ട് നാളെ ജില്ലാ കളക്ടർ കെ ഇമ്പശേഖറിന് കൈമാറും. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങോത്ത് അന്വേഷിക്കുന്ന കേസിൽ ക്ഷേത്ര ഭാരവാഹികളായ അഞ്ചു പ്രതികൾ ഒളിവിലാണ്. ക്ഷേത്രക്കമ്മിറ്റിയ്ക്ക് പുറമെ, ആഘോഷ കമ്മിറ്റിയിൽ ഉള്ളവരെയും പ്രതി ചേർക്കാനുള്ള നീക്കം പോലീസ് നടത്തുന്നുണ്ട്.

Advertisement