പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി; ദളിത് കോൺഗ്രസ് നേതാവ് സുരേഷ് പാർട്ടി വിട്ടു

Advertisement

പാലക്കാട്: കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. ഒരു കോൺഗ്രസ് നേതാവ് കൂടി പാർട്ടി വിടാനൊരുങ്ങുന്നു. ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷാണ് പാർട്ടി വിടുമെന്ന് അറിയിച്ചിരിക്കുന്നത്. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് സുരേഷിന്റെ നടപടി.
സുരേഷ് ഇന്ന് സിപിഎം ജില്ലാ സെക്രട്ടറിയെ കാണും. പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് പറഞ്ഞു. ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്ന് സുരേഷ് ആരോപിച്ചു.
നേരത്തെ പിരായിരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും പാലക്കാട്ടെ ഇടത് സ്ഥാനാർഥി സരിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തു വന്നിരുന്നു. പിരായിരി പഞ്ചായത്ത് അംഗമാണ് സിതാര ശശി.