വീണ്ടും കടംവാങ്ങിക്കൂട്ടാൻ സംസ്ഥാന സർക്കാർ; നവംബർ 5ന് 1,000 കോടി എടുക്കും, പെരുകി കടബാധ്യത

Advertisement

തിരുവനന്തപുരം: ചെലവുകൾക്ക് പണം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുക്കുന്നു. നവംബർ 5ന് കേരളം 1,000 കോടി രൂപ കടമെടുക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സൊല്യൂഷൻ പോർട്ടലായ ഇ-കുബേർ വഴി 16 വർഷത്തെ കാലാവധിയുള്ള കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്. പെൻഷനും ശമ്പള വിതരണവും ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യം നിറവേറ്റാനായി ഒക്ടോബർ 29ന് 1,500 കോടി രൂപയും കേരളം കടമെടുത്തിരുന്നു.

നവംബർ 5ന് 1,000 കോടി രൂപ കൂടി എടുക്കുന്നതോടെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) മാത്രം കേരളത്തിന്റെ കടം 27,998 കോടി രൂപയാകും. കേരളം തിരിച്ചടയ്ക്കാനുള്ള പൊതുകടം 2.52 ലക്ഷം കോടി രൂപയാണെന്ന് അടുത്തിടെ സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ചെലവുകൾ നടത്താൻ നിരന്തരം കടമെടുക്കുന്ന പ്രവണത സംസ്ഥാന സർക്കാർ നിർത്തണമെന്നും സിഎജി നിർദേശിച്ചിരുന്നു.

നടപ്പുവർഷം ആകെ 37,512 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്നാണ് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നത്. ഇതിൽ നിന്ന് ഡിസംബർ വരെ 21,253 കോടി രൂപ എടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഓണക്കാല ചെലവുകൾ പരിഗണിച്ചും സംസ്ഥാനത്തിന്റെ കടപരിധി നിശ്ചയിച്ചതിലെ പൊരുത്തക്കേട് പരിഹരിച്ചും കടപരിധി പുനഃക്രമീകരണിക്കണമെന്നും കൂടുതൽ തുക വായ്പയെടുക്കാൻ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കേന്ദ്രം അനുവദിച്ച താൽകാലിക ഇളവ് പ്രയോജനപ്പെടുത്തിയാണ് ഇപ്പോഴത്തെ കടമെടുപ്പ്.

കേന്ദ്രം നേരത്തേ മുന്നോട്ടുവച്ച 37,512 കോടി രൂപയെന്ന പരിധി കണക്കാക്കിയാൽ നവംബർ അഞ്ചിന് ശേഷം നടപ്പുവർഷത്തെ ബാക്കിയുള്ള അഞ്ച് മാസത്തേക്കായി കേരളത്തിന്റെ കടപരിധിയിൽ ശേഷിക്കുക 9,514 കോടി രൂപയായിരിക്കും. അതായത് ശരാശരി 1,902.8 കോടി രൂപ വീതം. ഓരോ മാസവും അധികമായി ശരാശരി 3,000 കോടി രൂപ ചെലവുകൾക്കായി കണ്ടെത്തണമെന്നിരിക്കേ, സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന കണക്കാണിത്.

കടമെടുക്കാൻ മറ്റ് സംസ്ഥാനങ്ങളും

നവംബർ അഞ്ചിന് കേരളത്തിന് പുറമേ ആന്ധ്രാപ്രദേശ്, ബിഹാർ, ഹരിയാന, മിസോറം, പഞ്ചാബ്, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നിവയും ഇ-കുബേർ വഴി കടമെടുക്കുന്നുണ്ട്. 2,000 കോടി രൂപ വീതമാണ് ആന്ധ്രയും ബിഹാറും തമിഴ്നാടും എടുക്കുക. ഹരിയാന 1,500 കോടി രൂപയും ഉത്തരാഖണ്ഡ് 500 കോടി രൂപയും മിസോറം 80 കോടി രൂപയും എടുക്കും. പഞ്ചാബിന്റെ ലക്ഷ്യം 367 കോടി രൂപ.

Advertisement