ശാസ്താംകോട്ട (കൊല്ലം):കേരളപ്പിറവി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത അക്ഷര തെറ്റുകൾ നിറഞ്ഞ പോലീസ് മെഡലുകൾ തിരികെ വാങ്ങാൻ നിർദ്ദേശം.അക്ഷരത്തെറ്റുകളുടെ കൂമ്പാരം നിറഞ്ഞ പൊലീസ് മെഡൽ വിതരണം ചെയ്തത് ആഭ്യന്തര വകുപ്പിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചത്.തെറ്റുകൾ നിറഞ്ഞ മെഡലുകൾ ലഭിച്ച പോലീസുകാർ ഉടൻ തന്നെ മടക്കി നൽകാൻ ഡിജിപിയാണ് നിർദേശം നൽകിയത്.മെഡൽ തയ്യാറാക്കാൻ കരാറെടുത്ത സ്ഥാപനത്തിന് സംഭവിച്ച പിഴവാണ്.തെറ്റ് തിരുത്തി പുതിയത് നൽകണമെന്ന് കരാർ സ്ഥാപനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.കാലതാമസം കൂടാതെ പോലീസുകാർക്ക് മെഡലുകൾ വിതരണം ചെയ്യും.തിരുവനന്തപുരത്ത് എസ്.എ.പി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് കഴിഞ്ഞ ദിവസം അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്.264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.ഇതിൽ പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു.’മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിഞ്ഞില്ല എന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.