ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ പാർട്ടി വിടുമെന്ന റിപ്പോർട്ടുകളോട് പ്രതികരണവുമായി പാലക്കാട് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് വാര്യർക്ക് ബിജെപി വിടാൻ കഴിയില്ലെന്ന് കൃഷ്ണകുമാർ പ്രതികരിച്ചു. താനും സന്ദീപെല്ലാം ആർഎസ്എസ് ശാഖയിലൂടെ വളർന്നവരാണ്. കൺവെൻഷനിൽ ഒരു അവഗണനയും സന്ദീപിന് ഉണ്ടായിട്ടില്ലെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ബിജെപി നേതാക്കളുടെ അനുനയ നീക്കം പാളിയതിനെ തുടർന്നാണ് സന്ദീപ് പാർട്ടി വിടാനൊരുങ്ങുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന എൻ ഡി എ കൺവെൻഷനിൽ മുതിർന്ന നേതാക്കൾക്കൊപ്പം സന്ദീപിന് സീറ്റ് നൽകാത്തത് അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. പാർട്ടിയിലെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ അണികൾക്കൊപ്പമാണ് സന്ദീപ് വേദിയിലിരുന്നത്. ഇതോടെ സന്ദീപ് പരിപാടിയിൽ നിന്നും പിണങ്ങിപ്പോകുകയായിരുന്നുവെന്നാണ് വാർത്തകൾ. അതിന് ശേഷം സന്ദീപ് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായിരുന്നില്ല. ബി ജെ പി സ്ഥാനാർത്ഥി സി കൃഷ്ണകുമാറുമായും സന്ദീപിന് അഭിപ്രായ വ്യത്യാസം ഉണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പാലക്കാട് പ്രചരണ ചുമതലയിൽ നിന്നും ഒഴിഞ്ഞ് പാർട്ടി വിടാനുള്ള നീക്കത്തിലാണ് സന്ദീപ് എന്ന അഭ്യൂഹങ്ങളാണ് ശക്തമായിരിക്കുന്നത്.