പാലക്കാട്: സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ബിജെപി സംസ്ഥാന സമിതി അംഗം സന്ദീപ് വാര്യര്‍. താന്‍ സിപിഎം നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. ബിജെപി നേതാക്കള്‍ എല്ലാ ദിവസവും തന്നെ ബന്ധപ്പെടാറുണ്ടെന്നും സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാലക്കാട് മണ്ഡലത്തില്‍ ബിജെപിയുടെ പ്രചാരണത്തില്‍ ഉണ്ടായിരുന്നുവെന്നും സന്ദീപ് പറഞ്ഞു.
പാലക്കാട് പ്രചാരണത്തിന് എന്താണ് ഇറങ്ങാത്തതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഇത് പാലക്കാട് അല്ലേ എന്നാണ് സന്ദീപ് മറുപടി പറഞ്ഞത്. നാല് ദിവസം മുമ്പ് വരെ പ്രചാരണത്തിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയില്‍ നിന്ന് അതൃപ്തിയുണ്ടാക്കുന്ന എന്തെങ്കിലും ഉണ്ടായോ എന്ന ചോദ്യത്തിന് സന്ദീപ് കൃത്യമായി മറുപടി പറഞ്ഞില്ല.
തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സന്ദീപ് വാര്യര്‍ക്ക് വേദിയില്‍ സീറ്റ് നിഷേധിച്ചതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചത്. ഇതോടെ പാലക്കാട് മണ്ഡലത്തിലെ പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് ഒഴിഞ്ഞതായാണ് വാര്‍ത്ത വന്നത്. സന്ദീപിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഫലം കണ്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.
കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചിട്ടും തന്നെ അവഗണിക്കുകയായിരുന്നുവെന്നാണ് സന്ദീപ് വാര്യര്‍ പറഞ്ഞതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പാര്‍ട്ടി അണികളോടൊപ്പം സദസില്‍ ഇരിക്കേണ്ടി വന്നതിന് പിന്നാലെയാണ് ചുമതലകളില്‍ നിന്ന് സന്ദീപിന്റെ പിന്മാറ്റമുണ്ടായത്.
പാര്‍ട്ടി നേതൃത്വത്തിലെ പലരും സന്ദീപിനോട് മോശമായി പെരുമാറിയെന്നും വിവരമുണ്ട്. കണ്‍വെന്‍ഷന്‍ കഴിഞ്ഞതിന് ശേഷം പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സന്ദീപ് സജീവമല്ലാതിരുന്നതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
ഇതിന് പിന്നാലെയാണ് സന്ദീപ് വാര്യര്‍ സിപിഎമ്മിലേക്ക് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. സിപിഎമ്മിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നു. പാലക്കാട്ടെ മുതിര്‍ന്ന സിപിഎം നേതാവുമായി സന്ദീപ് വാര്യര്‍ ചര്‍ച്ച നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. സന്ദീപുമായി നടന്ന ചര്‍ച്ചയുടെ വിവരം മുഖ്യമന്ത്രിയുമായും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുമായും പങ്കുവെച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, സന്ദീപ് വാര്യരെ അവഗണിച്ചിട്ടില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞത്. സന്ദീപ് വാര്യരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുകയേ ഉള്ളൂ. കണ്‍വെന്‍ഷന്‍ ദിവസം വേദിയിലിരുന്നത് പ്രധാന ചുമതലക്കാര്‍ മാത്രമാണ്. സന്ദീപ് വാര്യര്‍ നന്നായി പ്രവര്‍ത്തിക്കുന്ന ആള്‍ തന്നെയാണ്. പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ആരും നോക്കേണ്ടായെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു