നീലേശ്വരം വെടിക്കെട്ട് അപകടം: മരണം രണ്ടായി

Advertisement

കാസര്‍ഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന കിണാവൂര്‍ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അപകടത്തില്‍ 100 പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ 32 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.

ഇന്നലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപ് മരിച്ചിരുന്നു. നിലവില്‍ പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു.

അതേസമയം, സംഭവത്തില്‍ അറസ്റ്റിലായവരുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ജാമ്യം നല്‍കിയ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡൂഷ്യല്‍ മജിസ്‌ട്രേറ്റ്(രണ്ട്) കോടതിയുടെ വിധിയാണ് ജില്ലാ സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തത്. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.

ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ജാമ്യം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ചന്ദ്രശേഖരനും ഭരതനും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ജാമ്യത്തിന് ആരുമെത്താത്തതിനാല്‍ രാജേഷിന് പുറത്തിറങ്ങാനായിരുന്നില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here