മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: സർക്കാർ മുൻകൈയെടുത്താൽ പരിഹാരമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

Advertisement

കൊച്ചി:പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇതിന് സർക്കാർ മുൻകൈ എടുക്കണം. സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ പ്രശ്നത്തിൽ രമ്യമായ പരിഹാരം ഉണ്ടാകും. അതുവഴി പ്രദേശവാസികളുടെ ഭീതി മാറുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണ്, മൗനമാണ്. സർക്കാർ നടപടി ഇത്രത്തോളം വൈകാൻ പാടില്ലായിരുന്നു. സർക്കാരിന് അനങ്ങാപ്പാറ നയം എന്തിനാണ്. 2008-2009ൽ ഇടതു സർക്കാരിന്റെ കാലഘട്ടത്തിൽ വന്ന പ്രശ്നമാണ്. സർക്കാർ ഉണ്ടാക്കിയ പ്രശ്നം സർക്കാർ തന്നെ പരിഹരിക്കണം. ഒരുപാട് രീതികളുണ്ട് പരിഹരിക്കാൻ. മതപരമായ കാര്യങ്ങളും നിയമ വ്യവസ്ഥിതിയും വെച്ച് ഒരുപാട് രീതികളുണ്ട്. നിയമ മന്ത്രിയും, വഖഫ് മന്ത്രിയും ചർച്ചയ്ക്ക് വന്നാൽ പരിഹാരം ഉണ്ടാകും.

ഇപ്പോഴത്തെ വർഗീയ പ്രചരണത്തിന് അടിസ്ഥാനമില്ല. രാഷ്ട്രീയ ആവശ്യത്തിന് തൽപര കക്ഷികൾ ഉപയോഗിക്കുകയാണ് വിഷയം. സംസ്ഥാന സർക്കാർ മൗനം പാലിച്ചതാണ് ഈ അവസ്ഥയിലേക്ക് എത്താൻ കാരണം. അത് വർഗീയ ശക്തികൾ മുതലെടുക്കുന്നു. മതേതര കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമാണ് ഈ മൗനവും പ്രചാരണവും മുതലെടുപ്പുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Advertisement