കണ്ണൂർ കളക്ടർ അരുൺ കെ വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നെന്ന് ഐ എ എസ് അസോസിയേഷന് അതൃപ്തി

Advertisement

തിരുവനന്തപുരം. എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു കണ്ണൂർ കളക്ടർ അരുൺ കെ.വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നെന്ന് ഐ.എ.എസ് അസോസിയേഷൻ.അതൃപ്തി അസോസിയേഷൻ ചീഫ് സെക്രട്ടറിയെ അറിയിച്ചു.ചീഫ് സെക്രട്ടറി വിഷയം സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തും.

നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂർ കളക്ടർ അരുൺ.കെ.വിജയനെ ചെയ്യാത്ത തെറ്റിൻ്റ പേരിൽ ക്രൂശിക്കുന്നെന്നാണ് അസോസിയേഷൻ്റെ പരാതി.രണ്ടാം നിര ഐ.എ.എസ് ഉദ്യോഗസ്ഥരിലാണ് അതൃപ്തി ശക്തമായത്.
ജനാധിപത്യ വ്യവസ്ഥയിൽ ഉദ്യോഗസ്ഥ സംവിധാനം പലപ്പോഴും നിശബ്ദരാവേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടുന്നു.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ തടയുന്നതിലടക്കം കളക്ടർക്ക് പരിമിതിയുണ്ട്. അതിനാൽ
തന്നെ അരുൺ കെ വിജയനെ ഒറ്റ തിരിഞ്ഞു
ആക്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും അസോസിയേഷനിൽ അഭിപ്രായമുയർന്നു.
ഇക്കാര്യം അസോസിയേഷനിലെ മുതിർന്ന അംഗമായ ചീഫ് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.അസോസിയേഷൻ്റെ പൊതുവികാരം ചീഫ് സെക്രട്ടറി സർക്കാരിനെ അറിയിച്ചേക്കും.ഇതിനു പുറമേ സർവീസ് ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കാതെ ഐ.എ.എസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നതിലും അസോസിയേഷനിൽ വ്യാപക അതൃപ്തിയുണ്ട്.