കല്‍പ്പാത്തി രഥോത്സവം; പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റി, വോട്ടെടുപ്പ് ഈ മാസം 20ന്

Advertisement

ന്യൂഡൽഹി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്. കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാൽ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. അതേസമയം, വോട്ടെണ്ണൽ തീയതിൽ മാറ്റമില്ല.

വിവിധ രാഷ്ട്രീയ പാർടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് നടപടിയെന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്. അതേസമയം, വയനാട്ടിലെയും ചേലക്കരയിലെയും വോട്ടെടുപ്പ് നേരത്തെ നിശ്ചയിച്ച പ്രകാരം നവംബര്‍ 13ന് തന്നെ നടക്കും.

വോട്ടെണ്ണൽ തീയതിയിലും മാറ്റമുണ്ടായിരിക്കില്ല. നവംബര്‍ 23ന് തന്നെയായിരിക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പിന്‍റെയും വോട്ടെണ്ണൽ നടക്കുക. പ്രാദേശിക സാംസ്കാരിക പരിപാടികളും മതപരിപാടികളും നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ വോട്ടെടുപ്പിനെത്തുന്ന ആളുകളുടെ എണ്ണം കുറയുമെന്ന കാര്യം പരിഗണിച്ചുകൊണ്ടാണ് തീയതി മാറ്റമെന്നാണ് ഉത്തരവിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതിക്ക് പുറമെ പഞ്ചാബിലെ നാലു മണ്ഡലങ്ങളിലെയും ഉത്തര്‍ പ്രദേശിലെ ഒമ്പത് മണ്ഡലങ്ങളിലെയും വോട്ടെടുപ്പും നവംബര്‍ 13ൽ നിന്ന് 20ലേക്ക് മാറ്റിയിട്ടുണ്ട്.

കല്‍പ്പാത്തി രഥോത്സവം നടക്കുന്ന അതേ ദിവസം തന്നെ വോട്ടെടുപ്പ് നടക്കുന്നത് പോളിങ് ശതമാനത്തെ ബാധിക്കുമെന്ന് ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും ആശങ്ക അറിയിച്ചിരുന്നു. നവംബര്‍ 13ന് നടക്കുന്ന വോട്ടെടുപ്പ് തീയതി മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തും നൽകിയിരുന്നു. തീയതി മാറ്റണമെന്നാവശ്യപ്പെട്ട് കത്ത് കൊടുത്തിട്ടുണ്ടെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനും പ്രതികരിച്ചു. എന്നാൽ, തീയതി മാറ്റികൊണ്ടുള്ള ഉത്തരവിൽ ബിജെപി, കോണ്‍ഗ്രസ്, ബിഎസ്‍പി, ആര്‍എൽഡി എന്നീ പാര്‍ട്ടികളുടെ പേരുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാമര്‍ശിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് സിപിഎം പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടിയുടെ പേര് ഉത്തരവിൽ പരാമര്‍ശിച്ചിട്ടില്ല. വോട്ടെടുപ്പ് മാറ്റുന്നത് സംബന്ധിച്ച തീരുമാനം നേരത്തെ എടുക്കമായിരുന്നുവെന്നും സിപിഎമ്മും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും കുറച്ച് പാര്‍ട്ടികളുടെ പേര് മാത്രം ഉത്തരവിൽ സൂചിപ്പിച്ചത് പരിശോധിക്കണമെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.