ഒടുവിൽ തീരുമാനമായി; കേരളോത്സവം നവംബർ പകുതിയോടെ, വിജ്ഞാപനം ഉടൻ ഇറങ്ങും

Advertisement

ഇടുക്കി: ഈ വർഷം നടക്കുമോ ഇല്ലയോ എന്ന അനിശ്ചിതത്വത്തിൽ നിന്ന കേരളോത്സവത്തിന് ഒടുവിൽ തീരുമാനമായി. നവംബർ 15 ഓടെ പഞ്ചായത്ത് തല മത്സരങ്ങൾ ആരംഭിക്കാൻ തീരുമാനമായി. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പഞ്ചായത്തുകൾക്ക് ലഭിക്കും.

യുവജനങ്ങളുടെ കലാകായിക സാംസ്കാരിക ഉത്സവമാണ് കേരളോത്സവം. ത്രിതല പഞ്ചായത്ത് തല മത്സരങ്ങൾ പോലും ഇതുവരെയും നടന്നിരുന്നില്ല. മുൻ വർഷങ്ങളിൽ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു പോന്നിരുന്ന കായിക താരങ്ങളും ക്ലബ്ബ് ഭാരവാഹികളുമെല്ലാം പഞ്ചായത്തുകളിലും ബന്ധപ്പെട്ട വകുപ്പുകളിലും അന്വേഷിച്ചെങ്കിലും അവർക്കും വിവരമൊന്നും ലഭിച്ചിരുന്നില്ല. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ ഓണാഘോഷം ഉൾപ്പെടെ സംസ്ഥാനത്തെ ആഘോഷ പരിപാടികൾ മാറ്റിവെക്കുകയും ചുരുക്കി നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കേരളോത്സവവും നടത്തണോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിരുന്നില്ല.

എന്നാൽ ഈ വർഷവും കേരളോത്സവം വിജയകരമായി നടക്കുമെന്നും മാറ്റിവെച്ചിട്ടില്ലെന്നും സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് പറഞ്ഞു. ഇതു സംബന്ധിച്ച പ്രഖ്യാപനവും വിവരങ്ങളും വകുപ്പു തലത്തിൽ പുറത്തിറങ്ങും. പ്രാദേശിക തലങ്ങളിൽ നവംബർ പകുതിയോടെ ആരംഭിച്ച് ജനുവരിയിൽ സംസ്ഥാന തല മത്സരങ്ങൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സതീഷ് പറഞ്ഞു.

ആദ്യ ഘട്ടങ്ങളിൽ പ്രാദേശിക തലത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ മത്സരങ്ങൾ നടക്കും. ശേഷം ബ്ലോക്ക്, ജില്ലാ തലത്തിൽ മത്സരങ്ങൾ നടക്കും. മുനിസിപാലിറ്റി, കോർപ്പറേഷൻ മേഖലകളിൽ ബ്ലോക്ക് തല മത്സരങ്ങൾ ഉണ്ടാവില്ല. കേരളോത്സവം സംബന്ധിച്ച ഉത്തരവ് രണ്ടു ദിവസത്തിനുള്ളിൽ പഞ്ചായത്തുകൾക്ക് ലഭിക്കും. തുടർന്ന് കമ്മിറ്റികൾ വിളിച്ച് ചേർത്ത് സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയാണ് പതിവ്.

യുവജനങ്ങളുടെ കലാപരവും സാംസ്‌കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന്‌ അവസരമൊരുക്കുക, സാഹോദര്യവും സഹകരണ ബോധവും സഹവർത്തിത്വവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ സംസ്ഥാന സർക്കാരിൻറെ ആഭിമുഖ്യത്തിൽ കേരളോത്സവം സംഘടിപ്പിക്കുന്നത്‌. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ കേരളോത്സവം നടത്തുക. സംസ്ഥാന തലത്തിൽ വിജയികളായവരെ ദേശീയ യുവജനോത്സവത്തിലെ മത്സര ഇനങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും ദേശീയ തലത്തിൽ മികച്ച വിജയം കൈവരിക്കുന്നതിനും കഴിഞ്ഞ വർഷങ്ങളിൽ സാധിച്ചിരുന്നു.