ഷാരോണിന് ഗ്രീഷ്മ നല്‍കിയത് ഉഗ്രവിഷമായ പാരക്വിറ്റ് കളനാശിനി; 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് ഇന്റര്‍നെറ്റിലൂടെ ഗ്രീഷ്മ മനസിലാക്കി

Advertisement

ഷാരോണ്‍ കൊലക്കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ കോടതിയെ അറിയിച്ച് മെഡിക്കല്‍ സംഘം. ഷാരോണിനെ കൊല്ലാനായി കളനാശിനിയായി ഉപയോഗിക്കുന്ന പാരക്വിറ്റാണ് ഗ്രീഷ്മ കഷായത്തില്‍ കലര്‍ത്തി നല്‍കിയതെന്നാണ് ഡോക്ടര്‍മാര്‍ കോടതിയില്‍ നല്‍കിയ മൊഴി. നേരത്തേ ഏത് കളനാശിനിയാണ് നല്‍കിയതെന്ന് വ്യക്തത വന്നിട്ടില്ലായിരുന്നു. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എഎം ബഷീറിന് മുന്നിലാണ് ഷാരോണിനെ ചികിത്സിച്ച മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്.
ആണ്‍സുഹൃത്തായ ഷാരോണിന് കഷായത്തില്‍ കലര്‍ത്തി നല്‍കുന്നതിന് മണിക്കൂറുകള്‍ മുമ്പ്, പാരക്വിറ്റ് വിഷം മനുഷ്യ ശരീരത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തെരഞ്ഞിരുന്നു. 15 മില്ലി വിഷം ശരീരത്തിലെത്തിയാല്‍ മരണം ഉറപ്പാണെന്ന് വെബ്സെര്‍ച്ചിലൂടെ ഗ്രീഷ്മ മനസിലാക്കി. വിഷം മനുഷ്യശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി ഡോ. അരുണ കോടതിയില്‍ മൊഴി നല്‍കി.പാരക്വിറ്റ് വളരെ വേഗത്തിലാണ് ശരീരത്തില്‍ പ്രവര്‍ത്തിക്കുക. രോഗ ലക്ഷണങ്ങളും ഉടന്‍ ഉണ്ടാകും. ഈ വിഷം ശ്വസിച്ചാല്‍ പോലും ഒരു വ്യക്തിക്ക് ഉടനെ വായിലും തൊണ്ടയിലും വീക്കവും വേദനയും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ശരീരത്തിനുള്ളിലെത്തിയാല്‍ ഓക്കാനം, വയറുവേദന, ഛര്‍ദി, വയറിളക്കം തുടങ്ങി ദഹനക്കേടിന്റേതിന് സമാനമായ കഠിനമായ ലക്ഷണങ്ങളുണ്ടാകും. പിന്നീട് രക്തസമ്മര്‍ദം കുറഞ്ഞ് ശ്വാസതടസം അനുഭവപ്പെടും. ശരീരത്തിലെത്തിയ പാരക്വിറ്റിന്റെ അളവനുസരിച്ച് ഹൃദയം, വൃക്ക, കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങള്‍ ഓരോന്നായി സ്തംഭിച്ച് മരണം സംഭവിക്കുന്നു.പാരക്വിറ്റ് നല്‍കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്നപേരില്‍ പാരസെറ്റമോള്‍ ഗുളികകള്‍ കലര്‍ത്തിയ പഴച്ചാര്‍ ഷാരോണിന് നല്‍കിയിരുന്നു. ഇതിന് മുമ്പും പലപ്രാവശ്യം പാരസെറ്റമോള്‍ എത്രയളവില്‍ നല്‍കിയാല്‍ മരണം സംഭവിക്കുമെന്ന് ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തെരഞ്ഞു. ഈ ഡിജിറ്റല്‍ തെളിവുകളെല്ലാം പ്രോസിക്യൂഷന്‍ ഹാജരാക്കി. പബ്ലിക് പ്രോസിക്യൂട്ടര്‍ വി എസ് വിനീത് കുമാറാണ് ഹാജരായത്.ഗ്രീഷ്മയ്ക്ക് പാരക്വിറ്റ് കളനാശിനി വാങ്ങിനല്‍കിയത് മൂന്നാം പ്രതിയായ അമ്മാവന്‍ നിര്‍മല്‍കുമാറാണ്. ഷാരോണിന് നല്‍കിയ വിഷത്തിന്റെ കുപ്പിയും മറ്റ് തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഗ്രീഷ്മ വെബ്സെര്‍ച്ച് ചെയ്ത തെളിവുകള്‍ തഹസില്‍ദാര്‍ നൗഷാദിന്റെ സാന്നിദ്ധ്യത്തിലാണ് ഫോണില്‍ നിന്ന് കണ്ടെടുത്ത് മഹസര്‍ തയ്യാറാക്കിയത്.

Advertisement