മല്ലു ഐഎഎസ് വാട്സാപ്പ് ഗ്രൂപ്പ്: ‘സുഹൃത്തുക്കൾ പറഞ്ഞ് അറിഞ്ഞു, ഉടൻ ഡിലീറ്റ് ചെയ്തു’; കെ. ഗോപാലകൃഷ്ണന്റെ മൊഴി

Advertisement

തിരുവനന്തപുരം : ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരിൽ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിന്റെ മൊഴിയെടുത്തു. തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാദം ആവർത്തിക്കുകയാണ് ഗോപാലകൃഷ്ണൻ. വാട്സ് ആപ്പിൽ ഗ്രൂപ്പ് തുടങ്ങിയത് സുഹൃത്തുകൾ പറഞ്ഞാണ് അറിഞ്ഞത്. വിവരം അറിഞ്ഞ ഉടൻ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. കുറേ ഗ്രൂപ്പുകൾ ഫോണിൽ തുടങ്ങിയിരുന്നതായി കണ്ടുവെന്നും മൊഴിയുണ്ട്. എന്നാൽ എത്ര ഗ്രൂപ്പാണ് തുടങ്ങിയതെന്ന് മൊഴിയിലില്ല. ഡിസിപി ഭരത് റെഡിയാണ് മൊഴിയെടുത്തത്. സാംസങ് ഫോണും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി പരിശോധിച്ചു.

മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതും കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഫോൺ ഹാക്ക് ചെയ്ത് ആരോ 11 വാട്സ് ആപ് ഗ്രൂപ്പുകൾ ഒറ്റയടിക്ക് ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണൻ ആദ്യം വിശദീകരിച്ചത്. മല്ലു മുസ്ലീം ഓഫീസേഴ്സ് ഗ്രൂപ്പും താൻ അഡ്മിനായി ഉണ്ടാക്കിയെന്ന് പിന്നീട് വിശദീകരിച്ചു. ഹിന്ദു ഗ്രൂപ്പിന് പിന്നാലെയാണ് മുസ്ലീം ഗ്രൂപ്പ് നിലവിൽവന്നതെന്ന് സ്ക്രീൻ ഷോട്ടിൽ നിന്ന് വ്യക്തമായിരുന്നു.

തന്റെ ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് ഹാക്കർമാർ ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നാണ് ഗോപാലകൃഷ്ണന്റെെ വിശദീകരണം. പക്ഷെ രണ്ട് ഗ്രൂപ്പുകളിലും രണ്ട് മതങ്ങളിൽ പെട്ട ഐഎഎസ് ഉദ്യോഗസ്ഥർ മാത്രമാണ് അംഗങ്ങൾ. സന്ദേശങ്ങളൊന്നും ഗ്രൂപ്പിൽ വന്നിട്ടില്ല. മുസ്ലീം ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥ എന്താണിതെന്ന് ഗോപാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്. അതിന് പിന്നാലെ ആ ഗ്രൂപ്പും ഡിലീറ്റായി. അംഗങ്ങളാക്കപ്പട്ടവർ ചോദിച്ചപ്പോൾ ഹാക്കിംഗ് എന്നായിരുന്നു ഗോപാലകൃഷ്ണന്റെ മറുപടി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here