രാത്രിയില്‍ വീടിന് പുറത്തെ പൈപ്പിന്റെ ടാപ്പ് തുറന്ന് വിടും… അല്ലെങ്കില്‍ കുട്ടിയുടെ കരച്ചില്‍ കേള്‍പ്പിക്കും…. സിസിടിവികളില്‍ കണ്ടത് കുറുവ സംഘമോ?

Advertisement

തമിഴ്‌നാട്ടിലെ കുറുവ തിരുട്ടു സംഘം ആലപ്പുഴ ജില്ലയില്‍ എത്തിയെന്ന വാര്‍ത്തകളുടെ ഞെട്ടലിലാണ് പലരും. ആലപ്പുഴ മണ്ണഞ്ചേരിയിലെ ഒരു വീട്ടില്‍ നടന്ന മോഷണശ്രമത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംശയം ശക്തമായത്. ദൃശ്യങ്ങളില്‍ നിന്നാണ് കുറുവ സംഘത്തെക്കുറിച്ചുള്ള സൂചനകള്‍ കിട്ടിയത് .
സംഭവസ്ഥലത്ത് നിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിലാണ് രണ്ടംഗ സംഘത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. സാധാരണ അര്‍ധനഗ്‌നരായി മുഖം മറച്ചാണ് കുറുവ സംഘം മോഷണത്തിനെത്തുക.
ആറ് മാസത്തോളം മോഷണം നടത്താന്‍ ഉദ്ദേശിക്കുന്ന വീടുകള്‍ നിരീക്ഷിച്ച ശേഷമാണ് പ്രതികള്‍ കൃത്യം നടത്തുക. ചൂലുകച്ചവടക്കാരായും ആക്രിപെറുക്കിയും, സഹായം ചോദിച്ചും പകല്‍ കറങ്ങി നടക്കുന്ന സംഘം മോഷണത്തിന് പറ്റിയ വീടുകള്‍ കണ്ടുവയ്ക്കും. സംഘത്തിലെ സ്ത്രീകളെയും കുട്ടികളെയുമാണ് ഇവര്‍ വീടുകള്‍ കണ്ടെത്താനായി പറഞ്ഞുവിടുക. വീടുകള്‍ നോക്കിവച്ച ശേഷം 6 മാസം മുതല്‍ ഒരു വര്‍ഷം വരെ കാത്തിരുന്നായിരിക്കും മോഷണം. മോഷണത്തിന് 6 മാസം മുന്‍പുതന്നെ ഇവര്‍ ക്യാംപ് ചെയ്ത സ്ഥലത്തു നിന്നു മാറും. പിന്നീട് മടങ്ങിയെത്തി കവര്‍ച്ച നടത്തി കടന്നുകളയും. സംഘം ക്യാംപ് ചെയ്യുന്ന സ്ഥലത്തു നിന്ന് 10 കിലോമീറ്ററെങ്കിലും അപ്പുറമാണ് എപ്പോഴും മോഷണം നടക്കുക.
എതിര്‍ക്കുന്നവരെ അതിക്രൂരമായി ആക്രമിക്കുകയാണ് ഇവരുടെ രീതി. സംസ്ഥാനത്ത് പലയിടത്തും സംഘം നേരത്തേ മോഷണം നടത്തിയിട്ടുണ്ട്. തമിഴ്‌നാട്-കേരള അതിര്‍ത്തി പ്രദേശങ്ങളായ കോയമ്പത്തൂര്‍, തഞ്ചാവൂര്‍, മധുര തുടങ്ങിയ പ്രദേശങ്ങളെല്ലാം കുറുവ സംഘത്തിന്റെ താവളങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.
വീടുകളുടെ പിന്‍വാതില്‍ വഴി അകത്തുകയറുകയാണ് സംഘത്തിന്റെ രീതി. ശരീരത്തില്‍ എണ്ണയും കരിയും പുരട്ടിയിട്ടുണ്ടാകും. ഇതോടെ പിടികൂടാന്‍ ശ്രമിച്ചാലും എളുപ്പത്തില്‍ വഴുതിമാറാനാകും. രാത്രികളിലെത്തുന്ന സംഘം വീടിന് പുറത്ത് ടാപ്പ് തുറന്ന് വിടുകയോ കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്ദങ്ങളുണ്ടാക്കുകയോ ചെയ്യും. വീട്ടില്‍ ഉറങ്ങിക്കിടക്കുന്നവരെ വാതില്‍ തുറക്കാന്‍ പ്രേരിപ്പിക്കുന്നതാണിത്. ഇത്തരത്തില്‍ ശബ്ദം കേട്ട് പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്ത് കയറും. മോഷണം നടത്താനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ കിലോമീറ്ററുകള്‍ അകലെയായിരിക്കും സംഘത്തിന്റെ താമസം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് രാത്രി പട്രോളിങ് ആരംഭിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണണെന്നും നിര്‍ദ്ദേശമുണ്ട്.

Advertisement