തിരുവനന്തപുരം .നഗരസഭയ്ക്ക് മുന്നിലെ മരത്തിൽ കയറി വീണ്ടും ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ. നഗരസഭാ മേയർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ മരത്തിന് മുകളിൽ കയറിയത്. തിരുവനന്തപുരം ജില്ലാ ശുചീകരണ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നഗരസഭക്ക് മുന്നിൽ പ്രതിഷേധവും തുടരുകയാണ്.
നഗരസഭ പരിധിയിലെ ജൈവ മാലിന്യം ശേഖരിക്കുന്ന സ്വതന്ത്ര ശുചീകരണ തൊഴിലാളികൾ കഴിഞ്ഞ രണ്ടു ദിവസമായി നഗരസഭക്ക് മുന്നിൽ അനിശ്ചിതകാല സമരം നടത്തി വരികയാണ്. തിരുവനന്തപുരം ജില്ലാ ശുചീകരണ തൊഴിലാളി യുണിയന്റെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ മാസവും സമാന രീതിയിൽ തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാൽ നഗരസഭാ വാഗ്ദാനങ്ങൾ പാലിച്ചില്ല എന്ന് തൊഴിലാളികൾ പറയുന്നു. നഗരസഭാ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത തങ്ങളുടെ വാഹനങ്ങൾ വിട്ടു നൽകണം, യൂണിയനെ നഗരസഭയുടെ ഏജൻസിയായി അംഗീകരിക്കണം തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
അതിനിടെയാണ് രണ്ടു തൊഴിലാളികൾ മരത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ശുചീകരണ തൊഴിലാളിയായ ജോയ് ആമയിഴഞ്ചാൻ തോട്ടിൽ മരണപ്പെട്ട സംഭവത്തിന് പിന്നാലെയാണ് നഗരസഭാ പേ റോളിൽ ഇല്ലാത്തവരെ മാലിന്യം ശേഖരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. നഗരസഭയുടെ ഈ തീരുമാനം തൊഴിലാളി വിരുദ്ധമാണെന്ന് ശുചീകരണ തൊഴിലാളി യൂണിയൻ ആരോപിച്ചു. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് യൂണിയന്റെ തീരുമാനം.