നീല ട്രോളി ബാഗില്‍ രാഷ്ട്രീയം കലങ്ങുന്നു

Advertisement

പാലക്കാട്. കെപിഎം ഹോട്ടലിലേക്ക് എത്തിയ നീല ട്രോളി ബാഗിൽ എന്തായിരുന്നു എന്നതിനെ ചൊല്ലിയാണ് പാലക്കാട് രാഷ്ട്രീയപോര്. ട്രോളി ബാഗിലൂടെ കള്ളപ്പണം ഫെനി നൈനാൻ എത്തിച്ചുവെന്നാണ് സിപിഐഎം ആരോപണം. ബാഗിൽ ഒരു രൂപയുണ്ടായിരുന്നു എന്ന് തെളിയിച്ചാൽ ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമെന്ന് വെല്ലുവിളിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതിരോധം തീർത്തത്.

കെപിഎം റസിഡൻസിയിലേക്ക് കള്ളപ്പണം എത്തി എന്നതിൻറെ തെളിവുകൾ പുറത്തുവരുമെന്ന് രാവിലെ മുതൽ തന്നെ സിപിഐഎം കേന്ദ്രങ്ങളിൽ അടക്കം പറച്ചിൽ ഉണ്ടായിരുന്നു. വൈകിട്ട് 4 മണിയോടെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിന്റെ വാർത്ത സമ്മേളനം. നീല ട്രോളി ബാഗിൽ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതിയായിരുന്ന ഫെനി നൈനാൻ കള്ളപ്പണം എത്തിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഒരു റൂമിൽ നിന്ന് മറ്റൊന്നിലേക്ക് ട്രോളി ബാഗ് കൊണ്ടുപോയി.

തനിക്കെതിരെ വരുന്ന ആരോപണം ട്രോളി ബാഗ് എത്തിച്ചതാണെന്ന് തിരിച്ചറിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് സംസാരിക്കുന്ന അതേ സമയത്ത് തന്നെ വാർത്ത സമ്മേളനം നടത്തി. നീല ട്രോളി ബാഗ് മേശപ്പുറത്ത് വച്ചായിരുന്നു മാധ്യമങ്ങളോട് സംസാരിച്ചത്. ഫെനി യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ഭാരവാഹിയാണ്, തൻറെ ഒപ്പമുണ്ട്. വാഹനത്തിൽ നിന്ന് ട്രോളി ബാഗ് ബോർഡ് റൂമിൽ എത്തിച്ചത് അതിലെ വസ്ത്രങ്ങൾ പരിശോധിക്കാനാണ്. പണമുണ്ടെന്ന് ശാസ്ത്രീയമായെങ്കിലും തെളിയിക്കാൻ രാഹുലിന്റെ വെല്ലുവിളി.

സിപിഎമ്മിനെതിരെ മാനനഷ്ട കേസ് കൊടുക്കും എന്നുള്ളതാണ് രാഹുൽ പറയുന്നത്. കേസ് കൊടുക്കൂ എന്ന് ഇ.എൻ സുരേഷ് ബാബുവും തിരിച്ചടിക്കുന്നു. ഹോട്ടലിലേയ്ക്ക് ഫെനി ട്രോളി ബാഗ് എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും അതിനുള്ളിൽ പണമാണോ വസ്ത്രമാണോ എന്ന് തെളിയിക്കുക വെല്ലുവിളിയാണ്. അന്വേഷിച്ച് വ്യക്തത വരുത്തേണ്ടത് പോലീസും. ഇതുതന്നെയാണ് യുഡിഎഫ് തിരിച്ച് ആയുധമാക്കുന്നത്.

Advertisement