കൊല്ലം . കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസില്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചതോടെ ആദ്യം നിസാരമെന്ന് കരുതിയ ഒരു ദേശീയസ്വഭാവമുള്ള തീവ്രവാദക്കേസിനാണ് പരിഹാരമായത്.
തീവ്രവാദസംഘടനയായ ബേസ്മൂവ്മെന്റിന്റെ പ്രവര്‍ത്തകരായ അബ്ബാസ് അലി , ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കാണ് കൊല്ലം ജില്ലാ പ്രിൻസിപ്പൾസ് സെക്ഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കേരളത്തെ നടുക്കിയ കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷവിധിച്ചത്.ഭാരതീയ ന്യായ സംഹിത 307, 324, 427, 120 ബി സ്ഫോടകവസ്തു നിയമം, പൊതുമുതല്‍ നശീകരണം തടയല്‍ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 16 ബി, 18, 20 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി ബോധ്യപ്പെട്ടെന്ന് പറഞ്ഞ കോടതി പ്രതികൾക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയായ ജീവപര്യന്തം നൽകുകയായിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം ഒന്നാം പ്രതി അബ്ബാസ് അലിയ്ക്കും മുന്നാം പ്രതി ദാവൂദ് സുലൈമാനും മൂന്ന് ജീവപര്യന്തവും, രണ്ടാം പ്രതിഷംസുണൻ കരീം രാജയ്ക്ക് നാല് ജീവപര്യന്തവുമാണ് ശിക്ഷ. എന്നാൽ ഇത് പ്രതികൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ഷംസൂൺ കരീം രാജ സ്ഫോടനത്തിൽ പരിക്കേറ്റവർക്ക് 10000 രൂപ നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്തപക്ഷം തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട പ്രകാരമാണ്
പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ കോടതി നൽകിയതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സേതുനാഥ് പറഞ്ഞു.
വിധിയിൽ സന്തോഷമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ എ സി പി ജോർജ് കോശി പറഞ്ഞു.കോടതി വിധിയിൽ അപ്പീൽ പോകാനാണ് പ്രതിഭാഗത്തിൻ്റെ തീരുമാനം.കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി ജി ഗോപകുമാറാണ് വിധി പറഞ്ഞത്.