2024ൽ മാത്രം സംസ്ഥാനത്ത് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത് 657 കോടി രൂപ; കനത്ത ജാഗ്രത പാലിക്കണമെന്ന് പൊലീസ്

Advertisement

ആലപ്പുഴ: സംസ്ഥാനത്തും ജില്ലയിലും സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിൽ കനത്ത ജാഗ്രത എല്ലാവരും പാലിക്കണമെന്ന് ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ. കഴിഞ്ഞവർഷം 94 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ ഈ വര്‍ഷം നവംബർ വരെ 251 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി ജില്ലയിൽ 58 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും പൊലീസ് മേധാവി അറിയിച്ചു.

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ മാധ്യമപ്രവർത്തകർക്കിടയിലും പൊതുജനങ്ങൾക്കിടയിലും അവബോധം വർദ്ധിപ്പിക്കണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് ആലപ്പുഴയിൽ യോഗം വിളിച്ചത്. 2023 ൽ ജില്ലയിൽ മാത്രം ലഭിച്ച ഓൺലൈൻ തട്ടിപ്പ് പരാതികളുടെ എണ്ണം 1028 ആണ്. 2022 ൽ ഇത് 546 ആയിരുന്നു. 2024ൽ മാത്രം സൈബർ തട്ടിപ്പിലൂടെ 34.53 കോടി രൂപ ജില്ലയിൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികളിൽ പലതും കോടതിക്ക് പുറത്തുവച്ച് തന്നെ തീർക്കുന്ന പ്രവണതയും കണ്ടുവരുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ജില്ലയിൽ പൊലീസ് നടപടികളിലൂടെ പരാതിക്കാർക്ക് 82 ലക്ഷം രൂപ തിരികെ ലഭിച്ചിട്ടുണ്ട്. പൊലീസ് ശക്തമായ നടപടികളാണ് ഇക്കാര്യത്തിൽ എടുക്കുന്നതെങ്കിലും ചെറിയ ശ്രദ്ധക്കുറവ് കൊണ്ട് ധാരാളം പേർക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യമാണ്. 2024 ൽ മാത്രം സംസ്ഥാനത്ത് ആകെ സൈബർ തട്ടിപ്പിലൂടെ 657 കോടി രൂപയാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

ചേർത്തല സ്വദേശികൾക്ക് നിക്ഷേപ തട്ടിപ്പിലൂടെ 7.55 കോടി രൂപ നഷ്ടമായി. സംസ്ഥാനത്തു തന്നെ നടന്ന ഏറ്റവും വലിയ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളിൽ ഒന്നാണിത്. മാന്നാർ സ്വദേശിക്കും കോടികൾ നഷ്ടപ്പെട്ടു. വെൺമണി സ്വദേശിക്ക് നിക്ഷേപ തട്ടിപ്പിലൂടെ 1.30 കോടി രൂപയാണ് നഷ്ടപ്പെട്ടത്. ചെങ്ങന്നൂർ സ്വദേശിക്ക് ഓൺലൈൻ ട്രേഡിങ്ങിലൂടെ 99 ലക്ഷം രൂപ നഷ്ടപ്പെട്ടു. ട്രായ് ഉദ്യോഗസ്ഥൻ ചമഞ്ഞും ചേർത്തല സ്വദേശിയെ തട്ടിപ്പിനിരയാക്കി. നിക്ഷേപ തട്ടിപ്പ്, കെ. വൈ സി അപ്‌ഡേഷൻ തട്ടിപ്പ്, കൊറിയർ വന്നതായി പറഞ്ഞുള്ള തട്ടിപ്പ്, ലോൺ അനുവദിച്ചതായി പറഞ്ഞ് കോൾ വരിക, വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വ്യാജേന തുക സമാഹരിക്കുക, ബാങ്കിൽ നിന്ന് എന്ന വ്യാജേന ഒ ടി പി ആവശ്യപ്പെടുക തുടങ്ങി പല രീതിയിലാണ് സൈബർ തട്ടിപ്പുകാർ ജനങ്ങളെ കബളിപ്പിക്കുന്നത്.

ഇത്തരം തട്ടിപ്പിനിരയായാൽ അത് രഹസ്യമായി വയ്ക്കാതെ എത്രയും വേഗം പൊലീസിന്‍റെ സൈബർ വിഭാഗത്തിൽ പരാതി നൽകുകയാണ് വേണ്ടത്. ജില്ലയിൽ നിന്ന് ഉദ്യോഗാർത്ഥികളെ ഓൺലൈൻ റിക്രൂട്ട്‌മെൻറ് നടത്തി തട്ടിപ്പ് നടത്തുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള പരാതികളിൽ എട്ട് ഏജൻറ്മാർക്ക് എതിരെ നിയമ നടപടി സ്വീകരിച്ചു വരുന്നെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ആധികാരികത ഉറപ്പുവരുത്തി മാത്രം ഓൺലൈൻ പണമിടപാടുകൾ നടത്തുക. കഴിവതും ബാങ്ക് അക്കൗണ്ട്, പാൻ കാർഡ് ,ക്രെഡിറ്റ് – ഡെബിറ്റ് കാർഡുകൾ, എടിഎം കാർഡുകൾ എന്നിവ സംബന്ധിച്ച് പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ നേരിട്ട് ബാങ്കുമായി ബന്ധപ്പെടുന്നതാണ് ഉചിതം. ഇത്തരം തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ പോലീസിനെ വിവരം അറിയിക്കണം എന്നും എം പി മോഹനചന്ദ്രൻ പറഞ്ഞു. നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ബി പങ്കജാക്ഷനും യോഗത്തിൽ പങ്കെടുത്തു.