ന്യൂഡെല്‍ഹി. അലിഗഡ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവിയിലെ 1967ലെ അസീസ് ബാഷ വിധി അസാധുവാക്കി സുപ്രീംകോടതി. സ്ഥാപനം സ്ഥാപിച്ചത് ന്യൂനപക്ഷമാണോ അല്ലയോ എന്നതിലെ വസ്തുത നിർണയം പുതിയ ബെഞ്ച് നടത്തുമെന്നും ചീഫ് ജസ്റ്റിസ്. കേസിൽ ഭിന്ന വിധിയുമായി മൂന്ന് ജസ്റ്റിസുമാർ.
പാർലമെന്റോ നിയമസഭകളോ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാപിതമായ സർവകലാശാലകൾക്ക് ന്യൂനപക്ഷ സ്ഥാപനം എന്ന പദവി നൽകുന്നത് അംഗീകരിക്കാൻ സാധിക്കില്ല എന്ന 1967ലെ അസീസ് ബാഷ കേസിലെ വിധിയാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് അസാധുവാക്കിയത്.ന്യൂനപക്ഷ സ്ഥാപനമാകണമെങ്കിൽ അത് ന്യൂനപക്ഷ ക്ഷേമത്തിനായി പ്രവർത്തിച്ചാൽ മതിയെന്നും ന്യൂനപക്ഷ അംഗങ്ങൾ ഭരിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് വിധിയിൽ പറഞ്ഞു. ഭരണഘടന നിലവിൽ വരുന്നതിനു മുൻപ് സ്ഥാപിതമായതിനാൽ ന്യൂനപക്ഷ പദവി നൽകരുതെന്ന കേന്ദ്രവാദത്തെയും വിധിയിൽ എതിർത്തു. ഭരണഘടന നിലവിൽ വരുന്നതിനു മുൻപ് സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആർട്ടിക്കിൾ 30 ബാധകമാകും എന്നും ഭരണഘടന ബെഞ്ച് നീരീക്ഷിച്ചു. അലിഗഡ് മുസ്ലിം സർവകലാശാല സ്ഥാപിച്ചത് ന്യൂനപക്ഷമാണോ അല്ലയോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പുതിയ ബെഞ്ച് രൂപീകരിക്കും.ഈ വിഷയത്തിലെ വസ്തുത നിർണയം പുതിയ ബെഞ്ച് നടത്തും. അതിനുശേഷം ആയിരിക്കും അലിഗഡ് മുസ്ലിം സർവകലാശാലയ്ക്ക് ന്യൂനപക്ഷ പദവി നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.7 അംഗ ഭരണഘടന ബെഞ്ചിൽ ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെടെ 3 പേർ ഭിന്നവിധിയാണ് പ്രസ്താവിച്ചത്