പ്രണവാനന്ദ തീർത്ഥപാദർ :പന്മന ആശ്രമത്തെ നയിച്ച ധർമസാരഥി

Advertisement

വിദ്യാധിരാജ പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായി നില കൊണ്ട സ്വാമി പ്രണവാനന്ദ തീർത്ഥ പാദർ (93)പന്മനയിൽ സമാധി പ്രാപിച്ചതോടെ നാടിന് നഷ്ടമാകുന്നത് വൈഷമ്യങ്ങളുടെ ഇരുളില്‍ ആശ്രമത്തെ നയിച്ച ആത്മീയ തേജസ് .
കാൽനൂറ്റാണ്ടുകാലം പന്മന ആശ്രമത്തെ മുന്നോട്ടുനയിച്ച വേദാന്തപണ്ഡിതനായിരുന്നു അദ്ദേഹം.1932ഡിസംബർ 18ന് കൊല്ലം ജില്ലയിൽ കുന്നത്തൂർ ഐവർകാല യിൽ പാർവതി അമ്മയുടെയും ഗോവിന്ദൻ നായരുടെയും പ്രിയ പുത്രനായി വളർന്ന കേശവൻ നായരാണ് പിൽക്കാലത്ത് പ്രണവാനന്ദ തീർത്ഥ പാദരായി മാറിയത്.കുട്ടിക്കാലത്തു തന്നെ സേവനകാര്യങ്ങളിൽ തത് പരനായിരുന്ന കേശവൻ പഠനത്തിലും മികവ് പുലർത്തിയിരുന്നു. വിദ്യാഭ്യാസബിരുദത്തിനു ശേഷം അധ്യാപകജോലിയിൽ പ്രവേശിച്ച അദ്ദേഹം കൊട്ടാരക്കര വി എച്ച് എസ് ഇ സ്കൂളിൽ പ്രിൻസിപ്പൽ ആയി. 1988ൽ ഉദ്യോഗത്തിൽ നിന്ന് വിരമിച്ചശേഷം ആത്മീയസേവനത്തിനായി ജീവിതം നീക്കി വെച്ചു. സഹധർമ്മിണിയായ ശാരദാമ്മയും അദ്ധ്യാപനജോലി യിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹത്തിന്റെ നിഴലായി മാറി.

കുന്നത്തൂരിലെ ഞാങ്കടവ് പാലത്തിന്റെ നിർമാണത്തിന് സ്വാമിയുടെ ഇടപെടലുകൾ പ്രധാനമായിരുന്നു. വേദാന്തപഠനത്തിൽ ശ്രദ്ധ ചെലുത്തിയ സ്വാമികൾ കൊട്ടാരക്കര അവധൂതാശ്രമം, പന്മന ആശ്രമം തുടങ്ങിയ ആത്മീയകേന്ദ്രങ്ങളിൽ നിത്യ സന്ദർശകനായി. മഹാജ്ഞാനിയായ കൈവല്യാനന്ദ സ്വാമികളുമായുള്ള പരിചയമാണ് സമർപ്പിതമായ സന്യാസജീവിതത്തിനു നിമിത്തമായത്. 2000ൽ പ്രജ്ഞാനാനന്ദ തീർഥപാദരിൽ നിന്ന് സന്യാസദീക്ഷ സ്വീകരിച്ച സ്വാമികൾ പിന്നീട് പന്മന ആശ്രമത്തിന്റെ മഠാ ധിപതിയായി.

പന്മന ആശ്രമത്തിന്റെ വികസനത്തിൽ പ്രണവാനന്ദ തീർത്ഥപാദരുടെ നേതൃത്വം വലിയ സഹായകമായിരുന്നു. ആശ്രമത്തിൽ സ്വാമികൾ സംഘടിപ്പിച്ചിരുന്ന വേദാന്തക്ലാസുകൾ പൊതുജനങ്ങളെ ആകർഷിച്ചു. ആശ്രമവികസനത്തിൽ ബഹുജന പിന്തുണ ഉറപ്പാക്കാൻ പ്രണവാനന്ദ സ്വാമിയുടെ ലളിതവും സൗഹാർദപരവുമായ പെരുമാറ്റം വലിയ തുണയായി. നാടിന്റെ പൊതുവേദികളിൽ സജീവസാനിദ്ധ്യമായിരുന്ന സ്വാമികൾ, രോഗാതുരനായതോടെയാണ് പൊതുരംഗത്ത് നിന്ന് പിൻവാങ്ങിയത്. 92 വർഷത്തെ ദീർഘജീവിതത്തിൽ നിന്ന് സ്വാമികൾ മറയുമ്പോൾ, ബാക്കിയാകുന്നത് നാടിന് അദ്ദേഹം നൽകിയ സാന്ത്വനങ്ങളാണ്. നവംബർ 9 ശനിയാഴ്ച വൈകിട്ട് 3മണിയ്ക്ക് പന്മന ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള പന്മന താമരപുരയിടത്തിൽ ഭൗതികശരീരം സമാധിയിരുത്തും.

Advertisement