‘ജയതിലക് മാടമ്പള്ളിയിലെ ചിത്തരോഗി; ഗോപാലകൃഷ്ണന്റെ ഓർമശക്തി ഹാക്ക് ചെയ്തു’: ഐഎഎസ് തലപ്പത്ത് തമ്മിലടി

Advertisement

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുളള വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം കത്തിനിൽക്കുന്നതിനിടെ ഉന്നതിയിലെ ഫയലുകൾ കാണാതായെന്ന റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ ഐഎഎസ് തലപ്പത്ത് തമ്മിലടി. അഡീ.ചീഫ് സെക്രട്ടറി എ.ജയതിലകിനെ ‘ചിത്തരോഗി’ എന്ന് എൻ.പ്രശാന്ത് അധിക്ഷേപിച്ചു. ‘ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാർഥ ചിത്തരോഗി’ എന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ പ്രശാന്ത് കമന്റ് ചെയ്തിരിക്കുന്നത്. തിടമ്പിനെയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയിൽ തിടമ്പേൽക്കാൻ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകൾ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണ് എന്നും പ്രശാന്ത് കുറിച്ചിട്ടുണ്ട്.

ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഇരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ പ്രശാന്തിന്റെ രൂക്ഷവിമർശനം. ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പിൽ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെതിരെയും പരാമർശമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓർമശക്തി ഹാക്ക് ചെയ്തതാണോ എന്ന് സംശയമെന്നും പ്രശാന്ത് പറഞ്ഞു. കുസൃതി ഒപ്പിച്ച് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടിവരുന്നുവെന്ന് പ്രശാന്ത് പരിഹസിക്കുന്നുമുണ്ട്.

പട്ടികജാതി-വർഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവർമെന്റ് സൊസൈറ്റി) ഫയലുകൾ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ഉന്നതിയുടെ പ്രവർത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷനൽ സെക്രട്ടറി ഡോ.എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പട്ടികജാതി-വർഗ വകുപ്പ് സ്‌പെഷൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ടിലുള്ളതെന്നാണു സൂചന. ഇതിനു പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്. രേഖകൾ ആവശ്യപ്പെട്ട് പ്രശാന്തിന് കത്തുനൽകി രണ്ടു മാസത്തിനു ശേഷമാണ് രണ്ട് കവർ മന്ത്രിയുടെ ഓഫിസൽ എത്തിച്ചത്. കവറുകളിൽ ഉന്നതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ ഇല്ലെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.

മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം എൻ.പ്രശാന്തിനെതിരായ ഫയൽ വിവാദം പൊട്ടിപ്പുറപ്പെട്ടത്. വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്.

വാട്‌സാപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവത്തിൽ സ്വന്തം പരാതി തകിടം മറിക്കുംവിധം വ്യവസായ-വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ തെളിവുകൾ നശിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. തന്റെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്നു പൊലീസിനു പരാതി നൽകിയ ഗോപാലകൃഷ്ണൻ തന്നെ അതു തെളിയിക്കാനാവാത്തവിധം വിവരങ്ങളെല്ലാം നീക്കി ഫോൺ ഫോർമാറ്റ് ചെയ്തിരുന്നു. ഇക്കാരണത്താൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്നു ഫൊറൻസിക് സംഘം ഇന്നലെ പൊലീസിനെ അറിയിച്ചു.

ഫോൺ ഹാക്ക് ചെയ്യപ്പെട്ടോയെന്നു കണ്ടെത്താനായില്ലെന്നു സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻകുമാർ ഡിജിപി എസ്.ദർവേഷ് സാഹിബിനു റിപ്പോർട്ട് നൽകി. റിപ്പോർട്ട് ഡിജിപി ആഭ്യന്തര വകുപ്പിനു കൈമാറും. അന്വേഷണം വഴിമുട്ടിക്കാൻ ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായെന്ന സൂചനയുള്ള റിപ്പോർട്ടിൽ സർക്കാർ എന്തു നടപടി സ്വീകരിക്കുമെന്നതു നിർണായകമാകും. മതാടിസ്ഥാനത്തിൽ ഗ്രൂപ്പുകളുണ്ടാക്കിയത് ഗോപാലകൃഷ്ണനാണെന്ന വിലയിരുത്തലിൽ സർക്കാർ എത്തിയാൽ സർവീസ് ചട്ടലംഘനത്തിന്റെ പേരിൽ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here