‘അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തി; ഭയഭക്തിബഹുമാനം വേണം കേട്ടോ’: ജയതിലകിനെതിരെ വീണ്ടും പ്രശാന്ത്

Advertisement

തിരുവനന്തപുരം: ഐഎഎസ് തലപ്പത്തെ ചേരിപ്പോര് കൂടുതൽ രൂക്ഷമാകുന്നു. അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലകിനെതിരെ തുറന്നടിച്ച് വീണ്ടും സമൂഹമാധ്യമത്തിൽ എൻ.പ്രശാന്ത് ഐഎഎസ്. ജയതിലകിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. ജയതിലകിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് പ്രശാന്തിന്റെ മുന്നറിയിപ്പ്.

ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ താൻ നിർബന്ധിതനായിരിക്കുകയാണെന്ന് എൻ.പ്രശാന്ത് സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘സർക്കാർ ഫയലുകൾ പൊതുജനമധ്യത്തിൽ ചർച്ച ചെയ്യേണ്ടിവന്നത് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവാഹമില്ല. വിവരാവകാശപ്രകാരം പൊതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇന്നും തുടർന്നുള്ള ദിവസങ്ങളിലും പോസ്റ്റ് ചെയ്യും. അടുത്ത ചീഫ് സെക്രട്ടറിയാണെന്നു സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തിയാണ്. അതുകൊണ്ട് വേണ്ടവിധം ഭയഭക്തിബഹുമാനം വേണം കേട്ടോ’’– ജയതിലകിന്റെ ചിത്രം സഹിതം ഉൾപ്പെടുത്തിയാണ് എൻ. പ്രശാന്ത് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.