എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം ഹൈക്കോടതിയിലേക്ക്

Advertisement

പത്തനംതിട്ട. എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബം ഹൈക്കോടതിയിലേക്ക്. എസ്ഐടി അന്വേഷണം കാര്യക്ഷമമല്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനാണ് കുടുംബത്തിന്റെ നീക്കം. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. അതിനിടെ കോന്നി തഹസിൽദാരുടെ ചുമതലയിൽ നിന്നും നീക്കണമെന്ന് എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു.

യാത്രയയപ്പ് ചടങ്ങിലെ പി.പി. ദിവ്യയുടെ പ്രസംഗം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് കാരണമായി എന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ ആയിരിക്കും കുടുംബം ശ്രമിക്കുക. ഒപ്പം കണ്ണൂർ കലക്ടറുടെ മൊഴി കളവാണെന്ന് തെളിയിക്കാനും. യാത്രയയപ്പ് ചടങ്ങിനു ശേഷം നവീൻ ബാബു കലക്ടറെ കണ്ട് സംസാരിച്ചത് ആ ചടങ്ങിൽ സംഭവിച്ച കാര്യവുമായി ബന്ധപ്പെട്ടായിരിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞിരുന്നു. തനിക്ക് തെറ്റുപറ്റി എന്ന് നവീൻ ബാബു പറഞ്ഞതായുള്ള കലക്ടറുടെ മൊഴിയുടെ പൂർണമായ തെളിവ് തലശ്ശേരി കോടതിയിൽ ഹാജരാക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞിരുന്നില്ല.

അതിനിടെ തഹസില്‍ദാരുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനോട് ആവശ്യപ്പെട്ടു. കൂടിയ ഉത്തരവാദിത്തങ്ങള്‍ വഹിക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല. കലക്ടറേറ്റിലെ ഏതെങ്കിലും തസ്തികയിലേക്ക് ജോലി മാറ്റി നല്‍കണമെന്നാണ് മഞ്ജുഷയുടെ ആവശ്യം . കോന്നി തഹസില്‍ദാരായ മഞ്ജുഷ നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് അവധിയിലാണ്. അടുത്തമാസം തിരികെ ജോലിയില്‍ പ്രവേശിക്കും. ആവശ്യത്തോടെ സർവീസ് സംഘടനകൾക്കും യോജിപ്പാണ്.

Advertisement