‘വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരം’: 2025 ഏപ്രിലോടെ ലക്ഷ്യമിട്ട ചരക്കുനീക്കം പിന്നിട്ടു, ഖജനാവിലേക്ക് 7.4 കോടി

Advertisement

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖം ഇന്നലെ രാത്രിയോടെ ഒരു ലക്ഷം ടിഇയു (ട്വന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്‌) കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികകല്ല് പിന്നിട്ടെന്ന് മന്ത്രി വി.എൻ.വാസവൻ. നവംബർ 9 വരെയുള്ള കണക്കനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ടിഇയുവാണ് കൈകാര്യം ചെയ്തത്.

ജൂലൈയിൽ 3, സെപ്റ്റംബറിൽ 12, ഒക്ടോബറിൽ 23, നവംബറിൽ ഇതുവരെ 8 എന്നിങ്ങനെയാണ് തുറമുഖത്ത് എത്തിയ കപ്പലുകളുടെ എണ്ണം. 7.4 കോടി രൂപയുടെ വരുമാനമാണ് ജിഎസ്‍ടി ഇനത്തിൽ സർക്കാർ ഖജനാവിലേക്ക് എത്തിയത്. കേരളത്തിന്‍റെ വികസന ചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം തുറമുഖമെന്നും വാസവൻ പറഞ്ഞു.

ട്രയൽ റൺ ആരംഭിച്ച് 4 മാസം പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്കുകപ്പലുകൾ കേരളത്തിന്‍റെ തീരത്തെത്തിക്കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ ശ്രേണിയിൽപ്പെടുന്ന അന്ന, വിവിയാന എന്നീ കപ്പലുകളും വന്നു. ഇവയ്ക്ക് പിന്നാലെ മറ്റ് അതിഥികളും എത്തും.

വിഴിഞ്ഞം ഇന്ത്യയുടെ സുവർണതീരമായി മാറുകയാണ്. അടുത്ത മാസം കമ്മിഷൻ ചെയ്യാനിരിക്കെയാണ് നിർണായകനേട്ടം. അടുത്ത ഏപ്രിലോടെ മാത്രം ലക്ഷ്യമിട്ട ചരക്കുനീക്കമാണ് ചുരുങ്ങിയ മാസത്തിനുള്ളിൽ വിഴിഞ്ഞത്ത് പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here