രാഹുൽ മാങ്കൂട്ടത്തിലും സംഘവും ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തു; എസ്പിക്ക് പരാതി നൽകും

Advertisement

പത്തനംതിട്ട∙ പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഡിയോ സിപിഎമ്മിന്റെ ഫെയ്‌സ്‌ബുക് പേജിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. രാഹുലും സംഘവും ഫെയ്സ്ബുക് പേജ് ഹാക്ക് ചെയ്തുവെന്നാണ് ഉദയഭാനു ആരോപിച്ചു. പത്തനംതിട്ട എസ്പിക്ക് പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘ഹാക്ക് ചെയ്തതാണ്. എസ്പിക്കു പരാതി നൽകും. മറ്റു നിയമനടപടികൾ സ്വീകരിക്കും. രാഹുലിന് അനുകൂലമായി പാർട്ടി ജില്ലാ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് അനുകൂലനിലപാടു വന്നുവെന്നു വിശ്വസിക്കാൻ ആർക്കും കഴിയില്ല. അദ്ദേഹത്തെക്കുറിച്ച് ഈ നാട്ടുകാർക്ക് നന്നായി അറിയാം. അടൂർ നിയമസഭാ മണ്ഡലത്തിലാണ് താമസം. ആ നാടുമായോ നാട്ടിലെ ജനങ്ങളുമായോ ബന്ധമില്ലാത്ത തരത്തിലാണ് രാഹുലിന്റെ പൊതുപ്രവർത്തനം.

കൃത്രിമ കാർഡുണ്ടാക്കിയാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായത്. അങ്ങനൊരു പദവിയുണ്ടെന്നുവച്ച് നാട്ടിൽ ജനങ്ങളുടെ നേതാവാകാൻ കഴിയില്ല. അദ്ദേഹത്തിന്റെ കൂടെയുള്ളവരെല്ലാം ഇത്തരം പണി ചെയ്യുന്നവരല്ലേ’’ – ഉദയഭാനു മാധ്യമങ്ങളോടു പ്രതികരിച്ചു. പിന്നീട് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയും അദ്ദേഹം രാഹുലിനെ വിമർശിച്ചു.

ഫെയ്സ്ബുക് കുറിപ്പിൽനിന്ന്:

— വ്യാജൻ ഇപ്പോൾ ഹാക്കറുമായി.

സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ഔദ്യോഗിക പേജിൽ പാലക്കാട്ടെ യുഡിഎഫ്‌ സ്ഥാനാർഥിയുമായി ബന്ധപ്പെട്ടുള്ള ഒരു പ്രചരണ വിഡിയോ പ്രത്യക്ഷപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തതിൽനിന്നു മനസ്സിലാക്കുന്നു..വിശദമായ പരിശോധനയിൽ വിവാദം സൃഷ്ടിക്കാനായി പേജ്‌ ഹാക്ക്‌ ചെയ്ത്‌, മനഃപൂർവം ഇത്തരത്തിൽ ഒരു വിഡിയോ പോസ്റ്റ്‌ ചെയ്തശേഷം അതിന്റെ സ്ക്രീൻ റെക്കോർഡിങ് എടുത്ത്‌ ആരോ മാധ്യമങ്ങൾക്കു കൈമാറിയതായിട്ടാണു മനസ്സിലാക്കാൻ കഴിയുന്നത്‌.

ഫേസ്ബുക്ക് പേജ് ഹാക്ക് ആയതു ശ്രദ്ധയിൽപ്പെടുകയും പെട്ടെന്നു തന്നെ സോഷ്യൽ മീഡിയ ടീം അത് റിക്കവർ ചെയ്ത് വിഡിയോ നീക്കം ചെയ്യുകയും സൈബർ പൊലീസിനും ഫെയ്സ്ബുക്കിനും പരാതിയും നൽകിയിട്ടുണ്ട്. പേജിന്റെ നിയന്ത്രണം തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്‌.

പാലക്കാട്ടെ യുഡിഎഫ്‌ സ്ഥാനാർഥിയെ സംബന്ധിച്ചു വ്യക്തമായി അറിയാവുന്നവരാണ് പത്തനംതിട്ടക്കാർ. അടൂർ അസംബ്ലി മണ്ഡലത്തിലെ 119-ാം നമ്പർ ബൂത്തിലെ താമസക്കാരനാണ് വ്യാജൻ. (പെരിങ്ങനാട് വില്ലേജ്) കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ എൽ‍ഡിഎഫിന് 111 വോട്ടിന്റെയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 70 വോട്ടിന്റെയും ലീഡ് ഈ ബൂത്തിൽ ഉണ്ടായി. നാട്ടിൽ ജനങ്ങൾക്കിടയിൽ ഒരു സ്വാധീനവും ഇല്ലാത്ത വ്യാജൻ നാടൊട്ടുക്കുള്ള ആളുകളുടെ പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ്‌ നിർമിച്ച്‌, ആ ആനൂകൂല്യത്തിൽ നേതൃസ്ഥാനത്തെത്തിയ ആളാണ്. അടൂർ, പന്തളം മേഖലകളിലെ ജനങ്ങളുടെ പേരിൽ പോലും ഇക്കൂട്ടർ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചു ദുരുപയോഗം ചെയ്തതിനു നിയമനടപടികളും വ്യാജൻ നേരിടുന്നുണ്ട്‌.

ജനാധിപത്യപരമായി നടക്കേണ്ടിയിരുന്ന ഒരു സംഘടനാ തെരഞ്ഞെടുപ്പിനെപോലും വ്യാജ ഐഡി കാർഡ് ഉണ്ടാക്കി അട്ടിമറിച്ചവൻ ഉപതെരഞ്ഞെടുപ്പിനു മുൻപ് ഇനിയും പല തട്ടിപ്പുകളും നടത്തും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പാലക്കാട്ടെ ജനാധിപത്യ വിശ്വാസികളായ ജനങ്ങൾ ഇതു തിരിച്ചറിഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി സ. ഡോ.പി. സരിനെ വിജയിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു.