ഐഎഎസ് അടി തുടരുന്നു, കളികണ്ട് സര്‍ക്കാര്‍

Advertisement

തിരുവനന്തപുരം. താന്‍ വിസില്‍ ബ്ലോവറാണെന്ന് പറഞ്ഞുകൊണ്ട് തുടര്‍ച്ചയായ മൂന്നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ അഡീഷ്ണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ആരോപണങ്ങള്‍ തുടര്‍ന്ന് എന്‍ പ്രശാന്ത് ഐഎഎസ് . ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയര്‍ നശിപ്പിച്ച ആളാണെ് ജയതിലകെന്നാണ് പ്രശാന്തിന്റെ പുതിയ ആരോപണം. ഇതിനിടെ മുന്‍മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ പരിഹസിച്ചും എന്‍ പ്രശാന്ത് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചു. വഞ്ചനയുടെ പര്യായമാണ് എന്‍ പ്രശാന്തെന്നായിരുന്നു മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. ഇതിനിടെ ചീഫ്‌സെക്രട്ടറിയും, ഐഎഎസ് അസോസിയേഷനും മൗനം തുടരുകയാണ്.

അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെ അധിക്ഷേപിച്ചും, വിമര്‍ശിച്ചും, ആരോപണങ്ങള്‍ ഉന്നയിച്ചുമുള്ള എന്‍ പ്രശാന്തിന്റെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞുകൊണ്ടാണ് ഇന്നത്തെ പോസ്റ്റ് ആരംഭിക്കുന്നത്. എ ജയതിലക് തനിക്കെതിരെ വ്യാജരേഖ ചമക്കുകയും, ഗൂഡാലോചന നടത്തുകയും ചെയ്തു. തനിക്കെതിരെ നടത്തുന്നത് വ്യാജ ആരോപണങ്ങള്‍. താല്‍പര്യപ്പെടുന്ന രീതിയില്‍ ഫയല്‍ എഴുതാനോ, നോട്ടോ, റിപ്പോര്‍ട്ടോ നല്‍കാന്‍ തയ്യാറാകാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരുടെ കരിയറും, ജീവിതവും നശിപ്പിച്ച ആളാണ് ജയതിലകെന്നും എന്‍ പ്രശാന്ത് തുറന്നടിച്ചു. താന്‍ വിസില്‍ ബ്ലോവറാണെന്നും എന്‍ പ്രശാന്ത് സ്വയം ന്യായികരിച്ചു. പോസ്റ്റില്‍ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മറുപടി പറയുമോ എന്ന കമ്മന്റി് അതാരാണെന്നായിരുന്നു പ്രശാന്തിന്റെ മറുചോദ്യം. ഇതിനിടെ എന്‍ പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തി. രാഷ്ട്രീയ ഗൂഡാലോചന നടത്തുന്ന വില്ലന്റെ റോളാണ് പ്രശാന്തിന്. രമേശ് ചെന്നിത്തലയുമായി ചേര്‍ന്ന് തനിക്ക് എതിരെ ഗൂഡാലോചന നടത്തിയെന്നും മേഴ്‌സിക്കുട്ടിയമ്മ

ഒരു സര്‍ക്കാര്‍ കാലത്തും കാണാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്, മുഖ്യമന്ത്രിയ്ക്ക് ഉദ്യോഗസ്ഥ തലത്തില്‍ സ്വാധീനമില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കോഴിക്കോട് കളക്ടര്‍ ആയിരിക്കെ ഫണ്ട് തിരുമറി നടത്തിയത് കണ്ടെത്തിയ ധനവകുപ്പ് ഉദ്യോഗസ്ഥനെ എന്‍ പ്രശാന്ത് ഭീക്ഷണിപ്പെടുത്തിയെന്ന ആരോപണവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദനും രംഗത്തെത്തി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തമ്മിലടിയില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഐ സര്‍വ്വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും ആവശ്യപ്പെട്ടു. എന്‍ പ്രശാന്ത് അനധികൃത ലീവ് എടുത്തതായി കാണിച്ച് എ ജയതിലക് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായിരുന്നു എന്‍ പ്രശാന്തിനെ പ്രകോപിപ്പിച്ചത്. അതേസമയം വിഷയത്തില്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടുമെന്ന് അറിയിച്ചിട്ടുണ്ട്. ഐഎഎസ് അസോസിയേഷന്‍ മൗനം തുടരുകയാണ്.