മുന്നണികൾ ആവേശത്തിൽ… ഇന്ന് കൊട്ടിക്കലാശം

Advertisement

ആവേശം നിറഞ്ഞ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്‌സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക.
നാളെ നിശബ്ദ പ്രചാരണം. 13നാണ് വോട്ടെടുപ്പ്. മൂന്ന് മുന്നണികളും അവസാന ഘട്ട പ്രചാരണം ആവേശമാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ കണ്ടത്. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തിരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക.

യുഡിഎഫിന്റെ ആവേശം വാനോളം എത്തിക്കാന്‍ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. ഇന്ന് രാവിലെ 10:15 ന് അസംപ്ഷന്‍ ജംഗ്ഷന് മുന്നില്‍ നിന്നും ചുങ്കം ജംഗ്ഷന്‍ വരെയും, വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാന്‍ഡിലേക്കും പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തും. ആയിരക്കണക്കിന് പ്രവര്‍ത്തകരെ അണിനിരത്തി കൊട്ടിക്കലാശം ആവേശമാക്കാനാണ് മുന്നണികളുടെ ശ്രമം.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി സെന്റ്‌മേരിസ് കോളേജില്‍ എത്തും. വൈകീട്ട് 3 മണിക്ക് കല്‍പ്പറ്റയില്‍ വെച്ചാണ് എല്‍ഡിഎഫ് കൊട്ടിക്കലാശം. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പങ്കെടുക്കും.

എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് റോഡ് ഷോയില്‍ പങ്കെടുക്കും. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങളിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോ. ശേഷം ബത്തേരി ടൗണില്‍ നടക്കുന്ന കലാശക്കൊട്ടിലും നവ്യ ഹരിദാസ് പങ്കെടുക്കും.
ചേലക്കരയിലും മൂന്നു മുന്നണികളും ശക്തമായ പ്രചരണത്തിൽ ആണ്. ചേലക്കരയില്‍ എല്‍ഡിഎഫിനായി യു ആര്‍ പ്രദീപും യുഡിഎഫിനായി രമ്യ ഹരിദാസും എന്‍ഡിഎയ്ക്കായി കെ ബാലകൃഷ്ണനുമാണ് മത്സരരംഗത്തുള്ളത്.