ക്യാൻസൽ ചെയ്ത ഓർഡറുകൾ വിലക്കിഴിവിൽ വാങ്ങാൻ പുത്തൻ ഫീച്ചറുമായി സൊമാറ്റോ

Advertisement

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഉപയോക്താക്കള്‍ക്കായി ‘ഫുഡ് റെസ്‌ക്യൂ’ എന്ന പേരില്‍ പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചു. കാന്‍സല്‍ ചെയ്ത ഓര്‍ഡറുകള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ തൊട്ടടുത്തുള്ള ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ഡെലിവറി പങ്കാളികള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഫീച്ചര്‍ വഴി ഭക്ഷണം പാഴാക്കുന്നത് തടയുക എന്ന വലിയ ലക്ഷ്യവുമുള്ളതായി സൊമാറ്റോ അറിയിച്ചു.
‘സൊമാറ്റോയില്‍ ഓര്‍ഡര്‍ റദ്ദാക്കുന്നത് ഞങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല, കാരണം ഇത് വലിയ അളവില്‍ ഭക്ഷണം പാഴാക്കുന്നതിന് കാരണമാകുന്നു. കര്‍ശനമായ നയങ്ങളും റദ്ദാക്കലുകള്‍ തടയുന്നതിനുള്ള നോ റീഫണ്ട് നയവും ഉണ്ടായിരുന്നിട്ടും 4 ലക്ഷത്തിലധികം മികച്ച ഓര്‍ഡറുകള്‍ സൊമാറ്റോയില്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഉപഭോക്താക്കള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുന്നത്. ഞങ്ങള്‍ക്കും റെസ്റ്റോറന്റ് വ്യവസായത്തിനും ഇത്തരത്തില്‍ ഓര്‍ഡറുകള്‍ റദ്ദാക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഭക്ഷണം പാഴാവുന്നത് എങ്ങനെ ഒഴിവാക്കാം എന്നാണ് ചിന്തിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഞങ്ങള്‍ ഇന്ന് ഒരു പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. റദ്ദ് ചെയ്ത ഓര്‍ഡറുകള്‍ അടുത്തുള്ള ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയില്‍ വാങ്ങാന്‍ അവസരം നല്‍കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഇത്തരത്തില്‍ ഓര്‍ഡറുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ അടുത്ത ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഇത് പോപ്പ് അപ്പ് ചെയ്ത് വരും. പാക്കേജില്‍ യാതൊരുവിധത്തിലും കേടുപാടുകള്‍ സംഭവിക്കാത്ത വിധമാണ് മിനിറ്റുകള്‍ക്കുള്ളില്‍ അവ വാങ്ങാവുന്ന തരത്തിലാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക’ സൊമാറ്റോ സിഇഒ ദീപീന്ദര്‍ ഗോയല്‍ എക്സില്‍ കുറിച്ചു.

Advertisement