തിരുവനന്തപുരം. കഠിനംകുളത്ത് ലഹരി കച്ചവടം ചെയ്തയാളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് പ്രതിയുടെ മർദ്ദനം. കഠിനംകുളം പോലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തിൽ OMR എന്ന് അറിയപ്പെടുന്ന ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഠിനംകുളം പെരുമാതുറ മേഖലകളിൽ സ്ഥിരമായി ലഹരി വില്പന നടത്തുന്ന ആളാണ് പെരുമാതുറ സ്വദേശിയായ OMR എന്ന ഷമീം. ഷമീമിന് എതിരായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രിയാണ് പോലീസ് സംഘം ഇയാളെ പിടികൂടാൻ എത്തിയത്. പോലീസ് വീട് വളഞ്ഞതോടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെയാണ് ഷമീം മർദ്ദിച്ചത്. പോലീസിന് നേരെ കത്തി വീശുകയും ചെയ്തു. എസ് ഐ അനൂപ്, സി പി ഒ മാരായ അഭിലാഷ്, ഹാഷിം എന്നിവർക്ക് പരിക്കേറ്റു. സ്റ്റേഷനിൽ നിന്ന് കൂടുതൽ പോലീസ് സംഘം എത്തിയാണ് പ്രതിയെ പിടികൂടിയത്. ഷമീമിന്റെ കൈയിൽനിന്ന് എംഡിഎയും പിടിച്ചെടുത്തു എന്ന് പോലീസ് വ്യക്തമാക്കി. പോലീസിനെ ആക്രമിച്ചതിനും, ഡ്യൂട്ടി തടസപ്പെടുത്തിയതിനും, മാരക ലഹരി വസ്തു സൂക്ഷിച്ചതിനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആശുപത്രി ജീവനക്കാരെ ആക്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ് OMR ഷെമീം. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.