വയനാട്ടിലും ചേലക്കരയിലും പരസ്യപ്രചാരണം അവസാനിച്ചു;തിരഞ്ഞെടുപ്പ് മറ്റന്നാൾ

Advertisement

വയനാട് /തൃശൂർ :ഇരുമുന്നണികള്‍ക്കും ഏറെ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരാണങ്ങള്‍ വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശത്തോടെ അവസാനിച്ചു. മറ്റന്നാൾ രണ്ടിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന, ദേശീയ നേതാക്കളുടെ സംഗമമായ കൊട്ടിക്കലാശത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിന്റെ തിരയിളക്കം സൃഷ്ടിച്ചു. ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ കല്‍പ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. അതിനാല്‍ ഇവിടെ കൊട്ടിക്കലാശം നടന്നില്ല.

സംസ്ഥാനത്ത് നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്ടിലും ചേലക്കരയിലും ആവേശത്തിരയായി കൊട്ടിക്കലാശം. ചേലക്കര നിയമസഭ മണ്ഡലത്തിലും വയനാട് ലോക്സഭ മണ്ഡലത്തിലുമാണ് നവംബര്‍ 13ന് ഉപതിരഞ്ഞെടുപ്പ് നടക്കുക.

വയനാട്ടില്‍ വ്യത്യസ്ത ഇടങ്ങളിലായിട്ടായിരുന്നു കൊട്ടിക്കലാശം അരങ്ങേറിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വൈകാരിക പ്രസംഗവുമായാണ് വയനാട്ടില്‍ കളം പിടിച്ചത്. ഇന്ത്യയില്‍ മഹത്തായതെല്ലാം വയനാട്ടിലുണ്ട്. ജയിപ്പിച്ചാല്‍ വയനാട് പോലൊരു പ്രദേശത്തെ അഭിസംബോധന ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ടെന്നും മലയാളം പഠിച്ച് എത്രയും പെട്ടെന്ന് ഇവിടേക്ക് തിരച്ച് വരുമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. സുഖ ദുഃഖങ്ങളില്‍ താന്‍ കൂടെയുണ്ടാകുമെന്നും നിങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് തുടങ്ങുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി രംഗത്തെത്തിയത്. വയനാട്ടിലെ ജനങ്ങളെ രാഹുലും പ്രിയങ്കയും വഞ്ചിക്കുകയാണെന്നും സത്യന്‍ മൊകേരി കൂട്ടിച്ചേര്‍ത്തു.

Advertisement