കേരള സ്കൂൾ കായികമേളയിലെ പുരസ്കാര വിവാദത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങി മാർ ബേസിൽ കോതമംഗലം, നാവാമുകുന്ദ തിരുനാവായ സ്കൂളുകൾ . കുട്ടികൾക്കെതിരായ പോലീസ് നടപടിയിലും പരാതി നൽകും . വിവാദത്തിൽ വിശദീകരണം നൽകാൻ മന്ത്രി വി.ശിവൻകുട്ടി ഇന്ന് മാധ്യമങ്ങളെ കാണുന്നുണ്ട് .
കേരള സ്കൂൾ കായികമേളയുടെ സമാനതകളില്ലാത്ത സംഘാടന മികവിന്റെ പേരിൽ സർക്കാരിനും മന്ത്രി വി ശിവൻകുട്ടിക്കും കിട്ടിയ കയ്യടികൾ എല്ലാം ഒറ്റയടിക്ക് തകർക്കുന്നതായിരുന്നു പുരസ്കാര വിവാദം .പതിവിന് വിപരീതമായി സ്കൂൾ വിഭാഗത്തിൽ സ്പോർട്സ് സ്കൂൾ ആയ ജി.വി. രാജ തിരുവനന്തപുരത്തിന് സമ്മാനം നൽകിയതാണ് വിവാദങ്ങൾക്ക് കാരണം . മുന്നറിയിപ്പുകൾ ഒന്നുമില്ലാതെ ആയിരുന്നു ജനറൽ സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരം സ്പോർട്സ് സ്കൂളിന് നൽകിയത് .
വിദ്യാർത്ഥികൾ പ്രതിഷേധവുമായി വേദിയിലേക്ക് തള്ളിക്കയറാൻ നോക്കുകയും പോലീസ് തടയുകയും ചെയ്തതോടെ കാര്യങ്ങൾ കയ്യാങ്കളിയിലെത്തി . മർദ്ദനമേറ്റെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു . പുരസ്കാരദാനത്തിൽ അട്ടിമറിയുണ്ടായെന്നും ഇതിനെതിരെ കോടതിയെ സമീപിക്കും എന്നുമാണ് മാർ ബേസിൽ കോതമംഗലം സ്കൂളും മലപ്പുറം നാവാ മുകുന്ദ തിരുനാവായ സ്കൂളും പറയുന്നത് . വിദ്യാർത്ഥികളെ പോലീസ് മർദ്ദിച്ചു എന്ന് ആരോപിച്ച് രക്ഷിതാക്കളും പരാതി നൽകും. അതേസമയം പുതിയ മാനുവൽ പ്രകാരം ജനറൽ സ്കൂൾ എന്നോ സ്പോർട്സ് സ്കൂൾ എന്നോ വ്യത്യാസമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ വാർത്താക്കുറിപ്പ് . ഇന്ന് മാധ്യമങ്ങളെ കാണുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു