വയനാട്. നാളെ പോളിംഗ് ബൂത്തിലേക്ക്. നാളെ രാവിലെ 7 മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. നിശബ്ദ പ്രചാരണ ദിനത്തിലും വോട്ടുറപ്പിക്കാനുള്ള സജീവ പരിശ്രമത്തിലാണ് മുന്നണികൾ.
ഒരു മാസത്തോളം നീണ്ട പ്രചാരണ പോരിനൊടുവിൽ നാളെ വയനാട്ടിൽ ജനവിധി. നിശബ്ദ പ്രചാരണ ദിവസവും ബഹളങ്ങളില്ലാതെ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ മുന്നണികൾ. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയും, NDA സ്ഥാനാർത്ഥി, നവ്യാ ഹരിദാസും പൗരപ്രമുഖരെ കണ്ടു. പ്രിയങ്കാ ഗാന്ധി വിശ്രമം തിരഞ്ഞെടുത്തെങ്കിലും പ്രവർത്തകർ അവിശ്രമം കളത്തിൽ. ഭൂരിപക്ഷം 5 ലക്ഷം കടക്കുമെന്ന് യുഡിഎഫ്. വ്യാമോഹമെന്ന് എതിരാളികൾ. അതേസമയം, സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്തു. 1354 പോളിങ്ങ് സ്റ്റേഷനുകളാണ് വയനാട് മണ്ഡലത്തിൽ സജ്ജമാക്കുന്നത്. ജില്ലയില്‍ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലുമുണ്ട്. ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക്
വോട്ടുചെയ്യുന്നതിനായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിലായി പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചു. 14,71,742 വോട്ടര്‍മാരാണ് വയനാട് മണ്ഡലത്തിലുള്ളത്.