ന്യൂഡെല്‍ഹി. കുറ്റാരോപിതരായ വ്യക്തികളുടെ വീട് പൊളിക്കുന്ന ബുൾഡോസർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.ജസ്റ്റിസുമാരായ ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിക്കുക.ഹർജികൾ പരിഗണിച്ച സുപ്രീംകോടതി ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ പോലും സ്വകാര്യ സ്വത്ത് സർക്കാർ നശിപ്പിക്കുന്നതിൽ നിന്ന് സംരക്ഷിക്കുമെന്ന് പരാമർശിച്ചിരുന്നു.കേസിന്റെ ഭാഗമായി സെപ്തംബർ 17ന് രാജ്യത്തുടനീളമുള്ള അനധികൃത പൊളിക്കലുകൾ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
മുനിസിപ്പൽ നിയമങ്ങൾ ദുരുപയോഗം ചെയ്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ വീടുകൾ പൊളിക്കുന്നുവെന്നായിരുന്നു ഹർജിക്കാർ വാദിച്ചിരുന്നത്.എന്നാൽ മുൻസിപ്പൽ നിയമപ്രകാരം പൊളിക്കുന്നതിന് വർഗീയ നിറം നൽകരുതെന്നായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ അറിയിച്ചിരുന്നത്. ഹർജിയിൽ വിധി പറയുന്ന കോടതി പുതിയ മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിക്കും.