ആത്മകഥ വിവാദം: ഡി സി ബുക്‌സിന് വക്കീല്‍ നോട്ടീസ് അയച്ച് ഇ പി ജയരാജന്‍

Advertisement

കണ്ണൂർ: ആത്മകഥ വിവാദത്തില്‍ ഡിസി ബുക്സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം നേതാവ് ഇപി ജയരാജന്‍. ആത്മകഥ ഭാഗങ്ങള്‍ പിന്‍വലിക്കണമെന്നും സംഭവത്തില്‍ മാപ്പ് പറയണമെന്നുമാണ് ഡിസിയോട് ഇപി ജയരാജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റേതായി പുറത്തുവന്ന പുസ്തകത്തില്‍ താന്‍ എഴുതിയതല്ല പ്രസിദ്ധീകരിച്ചതെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.

അഡ്വ. കെ വിശ്വന്‍ മുഖേനയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. സംഭവത്തില്‍ നേരത്തെ ഇപി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ആത്മകഥ മറവില്‍ വ്യാജരേഖ ഉണ്ടാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രചാരണ ആയുധം നല്‍കുന്നതിനു വേണ്ടിയാണ് ആത്മകഥയുടെ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. ആത്മകഥ എന്ന നിലയില്‍ ഡിസി ബുക്സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥ ഭാഗങ്ങളും പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് തെറ്റ് പരസ്യപ്പെടുത്തണം. ആത്മകഥ ഇപ്പോള്‍ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്നും ഇപി ജയരാജന്‍ ആരോപിക്കുന്നു.

ആത്മകഥ ഇതേ വരെ എഴുതി പൂര്‍ത്തിയാക്കുകയോ, പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നാണ് ഇപി ജയരാജന്‍ അറിയിച്ചിരിക്കുന്നത്. ഡിജിപിക്ക് നല്‍കിയ പരാതിയില്‍ മാധ്യമങ്ങള്‍ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണെന്ന് ഇപി ആരോപിക്കുന്നുണ്ട്. ആത്മകഥയുടെ പേരോ കവര്‍ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന കാര്യവും പരാതിയില്‍ എടുത്ത് പറയുന്നു.

അതേസമയം, ആത്മകഥ പുറത്തുവന്നതോടെ വലിയ വിവാദങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ചേലക്കര, വയനാട് വോട്ടെടുപ്പ് നടക്കുന്ന ദിനമായ ഇന്ന് തന്നെ ആത്മകഥയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് ഇടത് കേന്ദ്രങ്ങളെ ഒന്നാകെ ആശങ്കയില്‍ ആഴ്ത്തിയ കാര്യമായിരുന്നു. കട്ടന്‍ ചായയും പരിപ്പുവടയും, ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിലായിരുന്നു പുസ്തകത്തിന്റെ കവര്‍ പേജ് ഉണ്ടായിരുന്നത്.