ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‍ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി കൊല്ലം സ്വദേശിനിയുടെ ഇരുകാലുകളും കണങ്കാലിനു മുകളിൽ അറ്റുപോയി

Advertisement

റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‍ഫോമിനും ട്രെയിനിനുമിടയിൽ കുടുങ്ങി കൊല്ലം തേവലക്കര സ്വദേശിനിയുടെ ഇരുകാലുകളും കണങ്കാലിനു മുകളിൽ അറ്റുപോയി.
കെഎസ്ആർടിസി കണ്ടക്ടറായ കൊല്ലം തേവലക്കര പടിഞ്ഞാറ്റക്കര തെക്ക് ഒറ്റമാംവിളയിൽ ശുഭ കുമാരിയമ്മക്കാണ് (45) തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് അപകടം സംഭവിച്ചത്.
ഇന്നലെ രാവിലെ 9.20ന് റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‍ഫോമിന്‍റെ അരികിലാണ് ദാരുണസംഭവം. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടറായ ശുഭകുമാരി കൂട്ടുകാരിക്കൊപ്പം ഗുരുവായൂരിലേക്കു പോകാനായാണ് തൃശൂരില്‍ എത്തിയത്. 9.17 നു രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലിറങ്ങിയ ഇവര്‍ ഒന്നാമത്തെ പ്ലാറ്റ്‍ഫോമിലേക്കു പോകാന്‍ മേൽപ്പാലമുണ്ടായിരുന്നെങ്കിലും ട്രാക്കുകൾ ഒഴിഞ്ഞു കിടക്കുന്നതുകണ്ട് പാളം മുറിച്ചുകടക്കുകയായിരുന്നു. 
രണ്ടുപാളങ്ങളും കടന്ന് ഒന്നാമത്തെ പ്ലാറ്റ്‍ഫോമിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയാണു ഇൻഡോർ – കൊച്ചുവേളി എക്സ്‌പ്രസ് വേഗത്തിൽ പ്ലാറ്റ്‍ഫോമിലേക്കെത്തിയത്. പരിഭ്രാന്തയായ ശുഭകുമാരിയമ്മ പിന്നാക്കം മാറാനോ പ്ലാറ്റ്ഫോമിനു മുകളിലേക്കു കയറാനോ കഴിയാതെ ട്രാക്കിനും ഭിത്തിക്കുമിടയിലെ നേരിയ വിടവിൽ നിന്നു. ട്രെയിനിന്‍റെ ആദ്യ കോച്ചിന്‍റെ ഫുട്ബോർഡിൽ തട്ടി കണങ്കാലിനു മുകളിൽവച്ചു മുറിയുകയായിരുന്നു. ഉടൻ ട്രാക്കിനും ഭിത്തിക്കുമിടയിലെ വിടവിലേക്കു വീണു പോയതുകൊണ്ടു ദേഹത്തു മറ്റു പരുക്കുകളില്ല.  ബഹളത്തിനിടെ ട്രെയിൻ ഉടൻ നിർത്തി.

Advertisement