വയനാടിനു തരാനുള്ളതൊക്കെ തന്നു; ഇനിയൊന്നുമില്ലന്ന് കേന്ദ്രത്തിൽനിന്ന് കത്ത്,മിണ്ടാട്ടമില്ലാതെ ബി ജെ പി നേതാക്കൾ

Advertisement

ന്യൂഡൽഹി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ വയനാടിനായി പ്രത്യേക കേന്ദ്ര സഹായമൊന്നും കിട്ടില്ലെന്ന് ഉറപ്പായി. ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കേരള സർക്കാരിന്‍റെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇതിനു നൽകിയ മറുപടിയിലാണ് സഹായം ഔദ്യോഗികമായി നിഷേധിച്ചിരിക്കുന്നത്.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ലെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലുപരി, വിജ്ഞാപനം ചെയ്യപ്പെട്ട 12 തരം പ്രകൃതിദുരന്തങ്ങളുടെ കാര്യത്തിൽ സംസ്ഥാന സർക്കാരാണ് സാമ്പത്തിക സഹായം നൽകേണ്ടതെന്നും പറയുന്നു. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ (SDRF) നിന്ന് ഈ തുക നൽകണമെന്നും കേന്ദ്രമന്ത്രി.

അതേസമയം, വലിയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (NDRF) ദുരിതാശ്വാസം നൽകാൻ വ്യവസ്ഥയുണ്ട്, എന്നാൽ, നഷ്ടപരിഹാരം നൽകാനാവില്ല. കേന്ദ്രത്തിൽനിന്നുള്ള മന്ത്രിതല സംഘം നേരിട്ട് സന്ദർശിച്ചു നടത്തുന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇതു തീരുമാനിക്കുണ്ടത്. എന്നാൽ, സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ ആവശ്യത്തിനു പണമുള്ളതിനാൽ ഇതും കിട്ടില്ല

കേന്ദ്ര ഫണ്ടിൽ നിന്ന് പണം അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു കത്തിൽ അർധശങ്കയ്ക്കിടമില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ 388 കോടി രൂപ കേരള സർക്കാരിന്‍റെ സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് അനുവദിച്ചിട്ടുണ്ട്. ഇതിൽ 96.80 കോടി രൂപ സംസ്ഥാനത്തിന്‍റെ തന്നെ വിഹിതമാണ്. കേന്ദ്ര വിഹിതമായ 291.20 കോടി രൂപ രണ്ട് ഗഡുക്കളായി ജൂലൈ 31നും ഒക്റ്റോബർ ഒന്നിനും സംസ്ഥാനത്തിനു കൈമാറിക്കഴിഞ്ഞു. ഇതുകൂടാതെ, സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ 394.99 കോടി രൂപ മിച്ചമുള്ളതായി സംസ്ഥാന അക്കൗണ്ടന്‍റ് ജനറൽ റിപ്പോർട്ടും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക സംസ്ഥാനത്തിന്‍റെ പക്കൽ ഉണ്ടെന്നു ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിൽ നിന്ന് അധിക സഹായം അനുവദിക്കാത്തതെന്നും കത്തിൽ പറയുന്നു.

കേന്ദ്ര നിലപാടിൽ പ്രതിഷേധവുമായി ഇടത് മുന്നണി നേതാക്കൾ രംഗത്തെത്തി.കേന്ദ്ര സർക്കാരിൻ്റെ നയത്തിനെതിരെ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് ഇടത് പക്ഷം.പാലക്കാട് ഉപതെരഞ്ഞെടുപ്പിലും ഇത് പ്രചരണ ആയുധമാക്കാനാണ് എൽഡിഎഫ് നീക്കം. എന്നാൽ ഈ വിഷയത്തിൽ ബിജെപി നേതാക്കളുടെ മൗനം തുടരുകയാണ്.

Advertisement