നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു അപകടം; തേവലക്കര സ്വദേശിനിയടക്കം രണ്ട് പേർക്ക് ദാരുണാന്ത്യം

Advertisement

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞു. അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.ഒൻപതു പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്.

കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.

Advertisement