തൽക്കാലം മറ്റ് വഴിയില്ല,ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ നൽകിയ വിശദീകരണം വിശ്വാസത്തിലെടുത്ത് സിപിഎം

Advertisement

തിരുവനന്തപുരം. ആത്മകഥാ വിവാദത്തിൽ ഇ.പി ജയരാജൻ നൽകിയ വിശദീകരണം തൽക്കാലം വിശ്വാസത്തിലെടുത്ത് സിപിഐഎം. വിവാദം പാർട്ടി അന്വേഷിക്കേണ്ട എന്നാണ് നിലപാട്. തന്നെ തകർക്കാനുള്ള ഗൂഢാലോചന എന്നാണ് ഇ.പി ജയരാജൻ സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരിച്ചത്.

എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ തിരുവനന്തപുരത്തുനിന്ന് മടങ്ങിയ ഇ പി ജയരാജൻ ആത്മകഥാ വിവാദം വിശദീകരിക്കാനാണ് എകെജി സെൻ്ററിൽ എത്തിയത്. ആത്മകഥാ ഭാഗങ്ങൾ എന്ന പേരിൽ പുറത്തുവന്നത് തന്റേതല്ലെന്നാണ് ഇ.പിയുടെ വിശദീകരണം. തന്നെ തകർക്കാൻ ശ്രമം നടക്കുന്നതായും ജയരാജൻ പാർട്ടിക്ക് മുന്നിൽ വിശദീകരിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ ഇ.പിയെ തള്ളാതെയാണ് സിപിഐഎമ്മിന്റെ പരസ്യ നിലപാട്.

സംസ്ഥാന സെക്രട്ടറിയേറ്റ് പൂർത്തിയാകും മുൻപേ ഇ പി ജയരാജൻ മടങ്ങി. തിരികെ വരുമ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കാം എന്ന് പറഞ്ഞ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് കയറിയ ഇ.പി ജയരാജൻ ആ വാക്കും പാലിച്ചില്ല. ഇ പി ജയരാജന്റെ വാദങ്ങൾ പരസ്യമായി അംഗീകരിക്കുന്നുണ്ടെങ്കിലും മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാലാണ് തൽക്കാലം ചേർത്തുനിർത്തുന്നത്.