വയനാട്, കേന്ദ്ര ധനസഹായത്തെക്കുറിച്ച് ഈ മാസം തന്നെ തീരുമാനം ഉണ്ടാകും

Advertisement

വയനാട്. ദുരന്തത്തിൽ കേന്ദ്ര ധനസഹായത്തെക്കുറിച്ച് ഈ മാസം തന്നെ തീരുമാനം ഉണ്ടാകും. ഹൈക്കോടതിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാടിൽ സംസ്ഥാന സർക്കാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു.

ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലുകൾ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ആകില്ലെന്ന് കേന്ദ്രസർക്കാർ അയച്ച കത്ത് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചു. അപകടം നടന്ന് നാലുമാസം പിന്നിട്ടും അടിയന്തരസഹായം പ്രഖ്യാപിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന
സർക്കാരിന്റെ ആവശ്യം നിരാകരിച്ചെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

ഇനി സഹായം അനുവദിക്കില്ലെന്ന് കത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്ന് കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. കത്തിന്റെ പശ്ചാത്തല ത്തെക്കുറിച്ച് കേന്ദ്രത്തോടും വിശദീകരണം തേടി.

ദുരന്തത്തിന്റെ വ്യാപ്തി നിശ്ചയിക്കാനുള്ള ഉന്നതതല സമിതി യോഗം ചേർന്നിട്ടില്ല. ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിന് കേന്ദ്രമായച്ച കത്തിനെക്കുറിച്ച് പരിശോധിക്കുമെന്നും കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വയനാട് പുനരധിവാസ പദ്ധതിക്കായി സംസ്ഥാന സർക്കാരിന്റെ പക്കൽ ആവശ്യത്തിന് തുകയുണ്ടെന്നും കേന്ദ്രം ആവർത്തിച്ചു.
കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ദുരിതബാധിതർക്കായുള്ള
സംസ്ഥാന സർക്കാരിന്റെ ധനസഹായം ഒരു മാസം കൂടി തുടരും.