പാലക്കാട്ടെ ഇടതു സ്ഥാനാർഥി ഡോക്ടർ പി സരിനെതിരെ വ്യാജ വോട്ട് ആരോപണം ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഡോക്ടർ പി സരിന് റസിഡൻഷ്യൽ സർട്ടിഫിക്കറ്റ് വ്യാജമായി നൽകിയത് ബിജെപി ഭരിക്കുന്ന നഗരസഭയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. എന്നാൽ ആരോപണത്തിന് മറുപടിയുമായി ഡോക്ടർ പി സരിനും ഭാര്യ ഡോക്ടർ സൗമ്യ സരിനും രംഗത്തെത്തി. അധിക്ഷേപം തുടർന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും ഇരുവരും പറഞ്ഞു.
തുടർച്ചയായ രണ്ടാം ദിവസമാണ് എൽഡിഎഫ് സ്ഥാനാർഥി പി സരിനെതിരെ വ്യാജ വോട്ട് ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. പാലക്കാട് മണ്ഡലത്തിൽ സിപിഐഎം ചേർത്ത അവസാനത്തെ കള്ളവോട്ട് ആണ് പി സരിൻ്റേത് എന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. സരിന് കള്ളവോട്ട് ഉൾപ്പെടുത്തുന്നതിന് വേണ്ടി ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ വ്യാജ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് നൽകി എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.സരിന്റെ ഭാര്യയുടെ വോട്ടും വ്യാജ വോട്ട് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു
പ്രതിപക്ഷ നേതാവിന്റെ ആരോപണം ചർച്ചയായതോടെയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയും ഭാര്യ ഡോക്ടർ സൗമ്യയും മറുപടിയുമായി രംഗത്തെത്തിയത്. രാഷ്ട്രീയത്തിൽ ഇടപെടാത്ത ആൾ ആണ് താനെന്നും തന്നെ വ്യാജ വോട്ടർ എന്ന് വിളിച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കില്ല എന്നായിരുന്നു ഡോക്ടർ സൗമ്യ സരിന്റെ മറുപടി
2018 വീടുവാങ്ങിയതും ആ വീടിൻറെ ആധാരവും സഹിതമായിരുന്നു സൗമ്യ സരിൻ വാർത്താസമ്മേളനത്തിൽ മറുപടി നൽകിയത്. താമസം ഇല്ല എന്ന് പ്രതിപക്ഷ നേതാവ് പറയുന്ന വീടിൻറെ മുകളിലാണ് താൻ താമസിച്ചിരുന്നത് എന്നും താഴത്തെ നിലയിൽ താമസിക്കുന്നവർക്ക് അസൗകര്യം ഉണ്ടാകാതിരിക്കാനാണ് സ്ഥാനാർത്ഥിയായപ്പോൾ 250 മീറ്റർ മാറി മറ്റൊരു വീട്ടിലേക്ക് മാറിയതെന്നും സരിനും വ്യക്തമാക്കി
സ്വന്തം വീട്ടിലാണ് താമസിക്കുന്നതെന്ന് ആരെയാണ് ബോധ്യപ്പെടുത്തേണ്ടത് എന്നും സരിൻ ചോദിച്ചു. നിലവിലെ രീതിയിൽ പ്രതിപക്ഷ നേതാവ് വ്യാജ ആരോപണവുമായി മുന്നോട്ടു പോയാൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും എൽഡിഎഫ് സ്ഥാനാർത്ഥിയും ഭാര്യയും വ്യക്തമാക്കി