വെളുത്തുള്ളിവില കുതിക്കുന്നു. നല്ലയിനം വെളുത്തുള്ളിക്ക് കിലോയ്ക്ക് 440 രൂപയായി. രണ്ടുമാസം മുന്‍പ് 380 രൂപയായിരുന്ന വെളുത്തുള്ളിയുടെ വിലയാണ് കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ 380 മുതല്‍ 400 രൂപ വരെയായി കേരളത്തിലെ മൊത്തവില. ആറുമാസം മുന്‍പ് 250 രൂപയില്‍ താഴെയായിരുന്നു വില. കാലാവസ്ഥാവ്യതിയാനവും ആഭ്യന്തര ഉത്പാദനം കുറഞ്ഞതുമാണ് വില കൂടാന്‍ കാരണം.
രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ദക്ഷിണേന്ത്യയിലേക്ക് കൂടുതലായും വെളുത്തുള്ളി എത്തുന്നത്. എന്നാല്‍, ഇവിടങ്ങളില്‍ ഇക്കുറി ഉത്പാദനം കുറഞ്ഞു. രാജസ്ഥാനിലെ കോട്ട മാര്‍ക്കറ്റിലാണ് ഏറ്റവുമധികം വെളുത്തുള്ളി വ്യാപാരം നടക്കുന്നത്. ഇവിടെ 360 രൂപയ്ക്കു മുകളിലാണ് ഒരു കിലോ വെളുത്തുള്ളിയുടെ വില. കഴിഞ്ഞ വിളവെടുപ്പ് സമയത്തുണ്ടായ മഴയും പിന്നീട് ചൂട് കൂടിയതുമാണ് ഉത്പാദനം കുറയാന്‍ കാരണം. പൂഴ്ത്തിവെപ്പും ഉണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.