രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ… ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും സൗജന്യം…ഓഫറുമായി കെഎസ്ഇബി

Advertisement

തിരുവനന്തപുരം:’ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായി രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താല്‍ ഒന്ന് ഫ്രീ നല്‍കുന്ന ഓഫറുമായി കെഎസ്ഇബി. ബിപിഎല്‍ കുടുംബങ്ങള്‍ക്കും അങ്കണവാടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബള്‍ബുകള്‍ സൗജന്യമായി ലഭിക്കും. പുതുതായി ഗാര്‍ഹിക കണക്ഷനെടുക്കുന്നവര്‍ക്കും രണ്ട് ബള്‍ബ് സൗജന്യമാണ്.

‘ഫിലമെന്റ് രഹിത കേരളം’ പദ്ധതിയുടെ ഭാഗമായാണ് ബള്‍ബുകള്‍ വിതരണം ചെയ്യുന്നത്. ഈ വര്‍ഷം ഇതുവരെ 6,89,906 ഉപയോക്താക്കള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി വാങ്ങിയ 1.17 കോടി ബള്‍ബുകളില്‍ 1.15 കോടി 14.77 ലക്ഷം ഉപയോക്താക്കള്‍ക്കായി വിതരണം ചെയ്തു. 74 കോടിയിലധികം രൂപ ഈയിനത്തില്‍ കെഎസ്ഇബിക്ക് വരുമാനമായി ലഭിച്ചു.
സംസ്ഥാനത്തെ വിവിധ ഓഫീസുകളിലായി അവശേഷിക്കുന്ന രണ്ട് ശതമാനം ബള്‍ബുകളുടെ വിതരണം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് രണ്ട് എല്‍ഇഡി ബള്‍ബ് എടുത്താന്‍ ഒന്ന് സൗജന്യമായി നല്‍കുമെന്ന ഓഫര്‍ പ്രഖ്യാപിച്ചത്. മൂന്നുവര്‍ഷം ഗ്യാരന്റിയുള്ള എല്‍ഇഡി ബള്‍ബുകള്‍ 65 രൂപയ്ക്കാണ് നല്‍കുന്നത്. കെഎസ്ഇബിയുടെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ബള്‍ബിന്റെ വില വൈദ്യുതി ബില്ലിന്റെ കൂടെ ഒന്നിച്ചോ തവണകളായോ അടയ്ക്കാനാകും. ബള്‍ബ് വിതരണത്തിലൂടെ 26 ലക്ഷം കൂടി ഉപയോക്താക്കളില്‍നിന്ന് കെഎസ്ഇബിക്ക് കിട്ടാനുണ്ട്. ഈ തുക പിരിച്ചെടുക്കാനും എല്‍ഇഡി സ്റ്റോക്ക് അധികമുള്ള ഓഫീസുകളില്‍നിന്ന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് നല്‍കാനും വിതരണ ചുമതലയുള്ള ചീഫ് എന്‍ജിനിയര്‍മാര്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് നിര്‍ദേശം നല്‍കി.

ഊര്‍ജ കേരള മിഷന്റെ നേതൃത്വത്തിലാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി കെഎസ്ഇബി നടപ്പാക്കുന്നത്. ഫിലമെന്റ്, സിഎഫ്എല്‍ ബള്‍ബുകള്‍ പൂര്‍ണമായി ഒഴിവാക്കി എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ച്, പരിസ്ഥിതി സൗഹൃദമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.