മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്ത് തന്നെ, സമസ്ത എപി മുഖപത്രമായ സിറാജിൽ ലേഖനം

Advertisement

കൊച്ചി.മുനമ്പത്തെ വിവാദ ഭൂമി വഖഫ് സ്വത്ത് തന്നെയെന്ന് സമസ്ത എപി വിഭാഗത്തിന്റെ മുഖപത്രമായ സിറാജിൽ ലേഖനം. വഖഫ് ഭൂമി വില്പന നടത്തിയത് ക്രിമിനൽ കുറ്റമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ലേഖനം ആവശ്യപ്പെടുന്നു. ലേഖനത്തിൽ, മുസ്ലിം കോർഡിനേഷൻ കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമുണ്ട്.

‘ ഭൂമി തിരിച്ചുകിട്ടണം ഇരകൾക്ക് നീതിയും’ എന്ന പേരിൽ എഴുത്തുകാരനും പ്രസ്ഥാന പ്രവർത്തകനുമായ ഒ.എം തരുവണ എഴുതിയ ലേഖനത്തിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് അവകാശപ്പെടുന്നത്.
ഭൂമി കൈമാറ്റത്തിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മുനമ്പത്തെയും തലപ്പുഴയിലെയും ചാവക്കാട്ടെയും അനധികൃത കച്ചവടത്തിൽ പലർക്കും പങ്കുണ്ട് എന്ന് വിമർശിക്കുന്ന ലേഖനം, മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയെ നിശിതമായി വിമർശിക്കുന്നുണ്ട്. സത്യം പുറത്തുവരും എന്ന ഭയമാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനത്തിന് പിന്നിലെന്ന് ലേഖനം പറയുന്നു. വിറ്റതൊന്നും വഖഫായിരുന്നില്ല എന്ന് പ്രചരിപ്പിക്കുന്നവരുടെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കുക, ആ കണ്ണുകളിൽ ഭീതിയുടെ നിഴലാട്ടമുണ്ട്. ‘സാമുദായിക സൗഹാർദം അപായപ്പെടു’മെന്ന് ആശങ്കപ്പെടുന്നവരുടെ സ്വരപ്പകർച്ച ശ്രദ്ധിക്കണമെന്നും, അതിൽ പേടിയുടെ ചുടുനിശ്വാസമുണ്ടെന്നും ലേഖനം പറയുന്നു. തിരിമറി നടത്തിയവർ കോർഡിനേഷൻ്റെ മറവിൽ ചകിതരായി പതിയിരിക്കുന്നുണ്ടെന്നും സമുദായം ജാഗ്രത പാലിക്കണമെന്നുമാണ് ലേഖനത്തിൽ പറയുന്നത്. ഇരകൾക്ക് വഖ്ഫ് ഭൂമി രജിസ്റ്റർ ചെയ്തു കിട്ടിയതെങ്ങനെ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന ലേഖനം, ഇരകളുടെ പുനരധിവാസം ഉറപ്പ് വരുത്തണം എന്നും ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞദിവസം സമസ്ത ഇ കെ വിഭാഗത്തിന്റെ മുഖപത്രമായ സുപ്രഭാതത്തിലും, ഇതേ നിലപാടിൽ തന്നെ എസ് വൈ എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറയുടെ ലേഖനവും വന്നിരുന്നു.