പാലക്കാട്: സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്ടെ എൽ ഡി എഫ് പ്രചാരണ പരിപാടിയിൽ വെച്ചായിരുന്നു വിമർശനം. പാണക്കാട് പോയി രണ്ട് വർത്തമാനം പറഞ്ഞാൽ സന്ദീപിനോടുള്ള അമർഷം ശമിപ്പിക്കാൻ കഴിയുമോ എന്ന് പിണറായി വിജയൻ ചോദിച്ചു. യു ഡി എഫ് ചെന്നുപെട്ടിട്ടുള്ള ഗതികേടാണ് ഇത് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.
പാലക്കാടുള്ള ലീഗ് അണികളും മതനിരപേക്ഷ ചിന്താഗതിക്കാരും, ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും എല്ലാം ഇദ്ദേഹം ഇന്നലെ വരെ എന്ത് നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്ന് നല്ലതുപോലെ അറിയാവുന്നവരാണല്ലോ. അവരിലെല്ലാം ഉള്ള അമർഷവും പ്രതിഷേധവും പാണക്കാട്ട് ചെന്ന് രണ്ട് വർത്തമാനം പറഞ്ഞാൽ ശമിപ്പിക്കാൻ കഴിയുമോ എന്നതാണ് ഈ സന്ദർശനത്തിന്റെ പിന്നിലെന്ന് സ്വാഭാവികമായി മനസ്സിലാക്കാൻ സാധിക്കുന്നത്, മുഖ്യമന്ത്രി പറഞ്ഞു.
ഇന്നത്തെ പത്രത്തിൽ വിഡി സതീശന്റെ ഒരു പ്രസ്താവന കണ്ടു. അത് പണ്ട് പറഞ്ഞിരുന്നൊരു കഥയില്ലേ അച്ഛൻ പത്തായത്തിലില്ല എന്ന് പറഞ്ഞ പോലത്തെ കഥയാണ്. അദ്ദേഹം ഇപ്പോൾ പറയുകയാണ് ഈ പറഞ്ഞ ആൾ വന്നത് ഏതെങ്കിലും സ്ഥാനം വാഗ്ദത്തം ചെയ്തതിന്റെ ഭാഗമായല്ല. ഒരു എം എൽ എ സ്ഥാനവും എവിടെയെങ്കിലും സ്ഥാനാർത്തി ആക്കാമെന്നോ അദ്ദേഹത്തിന് വാഗ്ദത്ത് ചെയ്തിട്ടില്ല. പൂച്ച് പുറത്തായി.
എന്താണ് നടന്നത് എന്നതിന്റ മറ്റൊരു ഭാഗം വി ഡി സതീശൻ പരസ്യമായി പറയുന്ന നിലയാണ് കാണുന്നത്. ഇത്തരത്തിലുള്ള അവസരവാദ നിലപാടുകളിലൂടെ നമ്മുടെ നാടിന്റെ പൊതുവായ അന്തരീക്ഷം മാറ്റിമറിക്കാം എന്ന് കരുതേണ്ട. ബോധപൂർവ്വം നമ്മുടെ നാടിനെ മറ്റൊരു വഴിക്ക് തിരിച്ച് വിടാനുള്ള ശ്രമം നടത്തിയ, അതിന് ആകാവുന്നതൊക്കെ ചെയ്ത അത്തരമൊരാളെ ഒരു പ്രത്യേക ദിവസം ഏറ്റവും വലിയ മഹാത്മാവായി ചിത്രീകരിിക്കാൻ വലത് പക്ഷ ക്യാമ്പാകെ ഒരുമ്പിടുന്നത് പറ്റിയ ജാള്യതയുടെ ഭാഗമായാണ്, അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങൾതക്കെതിരെയും രൂക്ഷ വിമർശനം മുഖ്യമന്ത്രി നടത്തി. പാണക്കാട് തങ്ങൾ എല്ലാവരും ആദരിക്കയും ബഹുമാനിക്കുകയും ചെയ്തിരുന്ന തങ്ങളാണെന്നും എന്നാൽ സാദിഖലി തങ്ങൾ അങ്ങനെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെ പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്നത്തെ തങ്ങൾ സർവരാലും ആദരിക്കപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.