കെ സ്വിഫ്റ്റ് കണ്ടക്ടർക്ക് ക്രൂര മർദനം

Advertisement

തിരുവനന്തപുരം. കെ സ്വിഫ്റ്റ് കണ്ടക്ടർക്ക് ക്രൂര മർദനം. പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ശ്രീജിത്ത് എമ്മിന് ഗുരുതര പരിക്ക്. പ്രതി പൂന്തുറ സ്വദേശി സിജോയെ പോലീസ് അറസ്റ്റു ചെയ്തു.

രണ്ടുദിവസം മുമ്പ് ബസ്സിൽ കയറിയ സിജോ യാത്രക്കാരിയായ സ്ത്രീയെ ശല്യം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തതിന് കണ്ടക്ടറോടും ഡ്രൈവറും സിജോയ്ക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ മുതൽ കണ്ടക്ടറെ ആക്രമിക്കണമെന്ന് പദ്ധതിയുമായി സിജോ ബസ്സിൽ കയറി. പകൽസമയം മുഴുവൻ ബസ്സിൽ തിരക്കായതിനാൽ ഉദ്ദേശം നടന്നില്ല. ഇന്നലെ രാത്രിയോടെ ആളൊഴിഞ്ഞ സമയം നോക്കി, ബസ് പൂന്തുറ പള്ളിക്ക് സമീപം എത്തിയപ്പോഴാണ് സിജോ കണ്ടക്ടർ ശ്രീജിത്തിനെ ക്രൂരമായി മർദ്ദിച്ചത്. കയ്യിൽ കരുതിയിരുന്ന ഇടവിളയിട്ട് തുരുതുരെ ഇടിക്കുകയായിരുന്നു. ശ്രീജിത്തിൻ്റെ നെറ്റിയിലും ചെവിയിലും മൂക്കിനും പരിക്കേറ്റു.
ശ്രീജിത്തിന്റെ വസ്ത്രങ്ങളിലും ബസ്സിന്റെ സീറ്റുകളിലും രക്തം തെറിച്ചുവീണു.
ക്രൂരമായ മർദ്ദനത്തിനിരയായ ശ്രീജിത്ത് പൂന്തുറ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പരാതിയെത്തുടർന്ന് പൂന്തുറ പോലീസ് സിജോയെ അറസ്റ്റ് ചെയ്തു. ബസ്സിനുള്ളിലെ സിസിടിവി ക്യാമറയിൽ നിന്ന് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ കരുതിക്കൂട്ടി ആക്രമിച്ചതിന്
ജാമ്യമില്ല വകുപ്പ് പ്രകാരമാണ് സിജോയ്ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പൂന്തുറ സ്വദേശി സിജോ.

Advertisement