മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെ,പോലീസ്

Advertisement

ആലപ്പുഴ. മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് സ്ഥിരീകരിച്ചു പോലീസ്. എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ കസ്റ്റഡിയിലെടുത്ത 25കാരൻ സന്തോഷ് സെൽവം കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി എം ആര്‍.മധു ബാബു. പ്രതിയുടെ നെഞ്ചിൽ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാൻ നിർണായകമായത്. ഇതിനിടെ പിടിയിലായ മണികണ്ഠന്റെയും സന്തോഷിന്റെയും കുടുംബം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി നിരപരാധികളാണെന്നും പൊലീസ് കുടുക്കിയതാണെന്നും ആരോപിച്ചു. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും

കുണ്ടന്നൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത സന്തോഷ് സെൽവത്തെയും മണികണ്ഠനെയും പുലർച്ചയോടെ അതീവ രഹസ്യമായി മോഷണം നടന്ന മണ്ണഞ്ചേരിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ അതേ വേഷത്തിൽ ആയിരുന്നു സന്തോഷിനെ എത്തിച്ചത്

മോഷണം നടന്ന വീട്ടിലെ ഇരകൾ രാത്രിയായതിനാൽ മുഖം കണ്ടിരുന്നില്ല. കുറുവാ സംഘത്തിൽ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്.

സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയാലും ഉടൻ കസ്റ്റഡി അപേക്ഷ നൽകുമെന്നും പൊലീസ് വ്യക്തമാക്കി. 
പിടിയിലായ സന്തോഷിൻ്റെ പേരിൽ കേരളത്തിൽ 8 കേസുകൾ ഉണ്ട്. തനിക്ക് ആകെ 30 ഓളം കേസുകൾ ഉണ്ടെന്നാണ് സന്തോഷ് തന്നെ പോലീസിനോട് പറഞ്ഞത്.

പാലായിൽ നടന്ന മോഷണക്കേസിൽ മൂന്നു മാസങ്ങൾക്ക് മുൻപാണ് സന്തോഷ് ജയിൽ മോചിതനായത്. ഇതിനിടെ മണ്ണഞ്ചേരി പോലീസ് സ്റ്റേഷനു മുൻപിൽ നാടകീയ സംഭവങ്ങളും അരങ്ങേറി

പോലീസ് അകാരണമായി പിടിച്ചുകൊണ്ടുപോയി എന്നാണ് ഇരുവരുടെയും കുടുംബത്തിന്റെ ആരോപണം.എന്നാൽ ഈ ആരോപണങ്ങൾ പോലീസ് തന്നെ തള്ളി. കുറുവാ സംഘത്തിലെ മറ്റു പ്രതികൾക്കായി പ്രത്യേക സ്ക്വാഡിന്റെ അന്വേഷണം പുരോഗമിക്കുകയാണ്