പാലക്കാട്ട് ഇന്ന് കൊട്ടിക്കലാശം; അവസാനവട്ട വോട്ട് ഉറപ്പിക്കാൻ മുന്നണികൾ

Advertisement

പാലക്കാട്:
ഇരുപത്തിയേഴ് ദിനം നീണ്ടു നിന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. സ്ഥാനാര്‍ത്ഥികളെല്ലാം തന്നെ വോട്ട് തങ്ങള്‍ക്കായി ഉറപ്പിക്കാനുള്ള അവസാനഘട്ട നെട്ടോട്ടത്തിലാണ്. ഒരിക്കലും പ്രതീക്ഷിക്കാനാകാത്ത തരത്തിലുള്ള ട്വിസ്റ്റുകള്‍ മുതല്‍, ആത്മകഥാ വിവാദം വരെ തെരഞ്ഞെടുപ്പില്‍ തിളങ്ങി നില്‍ക്കുകയാണ്. യു ഡി എഫിന്റെ രാഹുല്‍ മാങ്കൂട്ടത്തിലും, ഇടത് സ്വതന്ത്രന്‍ ഡോ. പി സരിനും, എന്‍ ഡി എ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറും നേര്‍ക്ക് നേര്‍ വരുമ്പോള്‍ ആരായിരിക്കും ജനഹൃദയങ്ങളെ കീഴടക്കി നായകനാകുന്നതെന്ന് ജനങ്ങള്‍ തീരുമാനിക്കും.

കോണ്‍ഗ്രസില്‍ നിന്ന് പടിയിറങ്ങിയ ഡോ. പി സരിന്‍ ഇടതുപക്ഷത്തേക്ക് എത്തിയപ്പോള്‍, ബി ജെ പിയുടെ ശൗര്യമായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് എത്തി. ഇത്തരത്തില്‍ ഇണക്കങ്ങളും പിണക്കങ്ങളും ആയി ഒരുപാട് കാര്യങ്ങള്‍ക്ക് പാലക്കാട് സാക്ഷ്യം വഹിച്ചിരുന്നു.

വൈകിട്ട്‌ ആറിന്‌ പരസ്യപ്രചാരണം അവസാനിക്കും. എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ രാവിലെ കണ്ണാടി, പകൽ 11ന്‌ മാത്തൂർ, രണ്ടിന്‌ പിരായിരി എന്നീ പഞ്ചായത്തുകളിൽ മെഗാറോഡ്‌ ഷോ നടത്തും. വൈകിട്ട്‌ നാലിന്‌ ഇൻഡോർ സ്‌റ്റേഡിയം പരിസരത്തുനിന്ന്‌ കൊട്ടിക്കലാശത്തിന്‌ തുടക്കം കുറിച്ച്‌ തുറന്ന ജീപ്പിൽ സ്ഥാനാർഥിയെ ആനയിക്കും. സുൽത്താൻപേട്ട വഴി സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.
യുഡിഎഫ്‌ സ്ഥാനാർഥിയുടെ കൊട്ടിക്കലാശം വൈകിട്ട്‌ നാലിന്‌ മേഴ്‌സി കോളേജള പരിസരത്തുനിന്ന്‌ ആരംഭിച്ച്‌ സ്‌റ്റേഡിയം സ്‌റ്റാൻഡിൽ സമാപിക്കും.
ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിൻ്റെ കൊട്ടിക്കലാശവും സ്റ്റേഡിയം സ്റ്റാൻഡിൽ എത്തുന്നതോടെ ത്രികോണ പോരിൻ്റെ പരസ്യപ്രചാരണം പരകോടിയിലെത്തും.

എല്ലാവരും മാതൃക പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന്‌ കലക്ട്ർ ഡോ. എസ്‌ ചിത്ര അറിയിച്ചു. നിശബ്ദ് പ്രചരണം അനുവദനീയമായ അവസാന 48 മണിക്കൂറിൽ നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യാൻപാടില്ല. ഉച്ചഭാഷിണികൾ ഉപയോഗിക്കരുത്‌. ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കരുത്‌. തെരഞ്ഞെടുപ്പ്‌ ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദർശനവും (ബൾക്ക്‌ എസ്‌എംഎസ്‌, വോയിസ്‌ മെസേജുകൾ, സിനിമ, ടെലിവിഷൻ പരിപാടികൾ, പരസ്യങ്ങൾ, സംഗീതപരിപാടികൾ, നാടകങ്ങൾ, എക്‌സിറ്റ്‌ പോൾ) അനുവദിക്കില്ല.

കൽപ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട്‌ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ്‌ 20 ലേക്ക്‌ മാറ്റിയത്‌.

Advertisement