സ്വർണവില മലക്കംമറിഞ്ഞു; പ്രതീക്ഷകൾ തെറ്റിച്ച് ഇന്ന് വിലക്കുതിപ്പ്; വഴിയൊരുക്കിയത് ഡോളറും ബൈഡനും

Advertisement

ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ അമ്പരപ്പിച്ച് സ്വർണവിലയിൽ ഇന്ന് അപ്രതീക്ഷിത തിരിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് 60 രൂപ വർധിച്ച് 6,995 രൂപയായി. 480 രൂപ ഉയർന്ന് 55,960 രൂപയാണ് പവൻവില. 18 കാരറ്റിനും ഗ്രാമിന് 50 രൂപ കൂടി വില 5,770 രൂപയിലെത്തി. വെള്ളിവില ഗ്രാമിന് 97 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു.

ഒക്ടോബർ‌ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന എക്കാലത്തെയും റെക്കോർഡ് വിലയിൽ നിന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച വരെ പവന് 4,449 രൂപയും ഗ്രാമിന് 562 രൂപയും കുറഞ്ഞിരുന്നു. ഇതേ ട്രെൻഡ് തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ്, ഇന്ന് വില തിരിച്ചുകയറിയത്. രാജ്യാന്തരവിലയുടെ മലക്കംമറിച്ചിലാണ് കേരളത്തിലും പ്രതിഫലിച്ചത്. കഴിഞ്ഞയാഴ്ച ഔൺസിന് 2,560 ഡോളർ നിലവാരത്തിലേക്ക് കൂപ്പുകുത്തിയ രാജ്യാന്തരവില, നിലവിൽ 2,590 ഡോളറിലേക്ക് തിരിച്ചുകയറി. ഇതോടെ കേരളത്തിലും വില കൂടുകയായിരുന്നു.

കുതിപ്പിന് കാരണം ഡോളറും ബൈഡനും

യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ ആറ് മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ‌ ഇൻഡെക്സ് 100 എന്നതിൽ നിന്ന്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയക്കൊടി പാറിച്ചതിന്റെ ആവേശത്തിൽ 106ന് മുകളിലേക്ക് കുത്തനെ കയറിയിരുന്നു. എന്നാൽ, ഈ നിലവാരത്തിൽ നിന്ന് കൂടുതൽ മുന്നോട്ട് പായാൻ ഡോളറിന് പിന്നെ കഴിഞ്ഞിട്ടില്ല. മൂല്യം കുറഞ്ഞതുമില്ല. മൂല്യത്തിലെ ഈ ‘സ്ഥിരത’ (consolidation) സ്വർണവില വർധനയ്ക്ക് വഴിയൊരുക്കുകയായിരുന്നു.

നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പുതിയ നിലപാടും സ്വർണത്തിന് ഊർജമായി. റഷ്യക്കുള്ളിൽ യുഎസ് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ യുക്രെയ്ന് കഴിഞ്ഞദിവസം ബൈഡൻ ഭരണകൂടം അനുമതി നൽകിയിരുന്നു. ഇതോടെ, റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ രൂക്ഷമായേക്കുമെന്നതാണ് സ്വർണത്തിന് നേട്ടമായത്. യുദ്ധം പോലുള്ള ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ ഓഹരി, കടപ്പത്ര വിപണികളെ തളർത്തും; ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ എന്ന പെരുമയുള്ള സ്വർണത്തിലേക്ക് നിക്ഷേപം ഒഴുകുകയും വില വർധിക്കുകയും ചെയ്യും. ഇതാണ് നിലവിൽ സംഭവിക്കുന്നത്.

ഉപയോക്താക്കളുടെ പ്രതീക്ഷ മങ്ങുന്നോ?

രാജ്യാന്തര, ആഭ്യന്തര സ്വർണവിലയിലെ ഇപ്പോഴത്തെ തിരിച്ചുകയറ്റം താൽകാലികം മാത്രമായിരിക്കുമെന്ന വിലയിരുത്തൽ ശക്തമാണ്. അതായത്, കേരളത്തിലും വില സമീപകാലത്ത് താഴേക്കുതന്നെ നീങ്ങിയേക്കാം. ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ പൊതുവേ പണപ്പെരുപ്പം കൂടാനും യുഎസ് ഡോളർ, യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), യുഎസ് ഓഹരികൾ, ക്രിപ്റ്റോകറൻസികൾ എന്നിവയുടെ മൂല്യം വർധിക്കാനും ഇടവരുത്തുന്നതാണെന്നാണ് കരുതപ്പെടുന്നത്.

ഉയർന്ന പണപ്പെരുപ്പം, ശക്തമായ ഡോളർ, മികച്ച നേട്ടം നൽകുന്ന ബോണ്ടും ഓഹരികളും ക്രിപ്റ്റോകളും സ്വർണനിക്ഷേപ പദ്ധതികളുടെ തിളക്കം കുറയ്ക്കും. ഡോളർ ശക്തമായതിനാൽ സ്വർണം വാങ്ങുകയെന്നതും വിലയേറിയ കാര്യമാകും. ഫലത്തിൽ, ഡിമാൻഡ് കുറയുന്നതോടെ വില താഴുമെന്നാണ് നിരീക്ഷകർ വാദിക്കുന്നത്. മാത്രമല്ല, അടിസ്ഥാനപരമായി ബിസിനസുകാരനായ ട്രംപ്, റഷ്യ-യുക്രെയ്ൻ, ഇറാൻ-ഇസ്രയേൽ യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കില്ല. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാകും ട്രംപ് ഭരണകൂടത്തിൽ നിന്നുണ്ടായേക്കുക. ഇതും സ്വർണവിലയെ താഴേക്ക് നയിച്ചേക്കും.

ജിഎസ്ടി ഉൾപ്പെടെ ഇന്ന കേരളത്തിൽ വില

പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ), 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ സഹിതം ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണവില 60,575 രൂപയാണ്. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,572 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായിൽ പണിക്കൂലി പൂർണമായും ഒഴിവാക്കുകയോ ഡിസ്കൗണ്ട് ലഭ്യമാക്കുകയോ ചെയ്യുന്നുമുണ്ട്.

Advertisement